മുഹമ്മദ് ബിൻ സായിദ് യൂണിവേഴ്സിറ്റി ഫോർ ഹ്യുമാനിറ്റീസിന്റെ നേതൃത്വത്തിൽ അബുദാബിയിൽ ത്രിദിന കോൺഫറൻസ്; ഡിജിറ്റൽ പേരന്റിംഗും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ചർച്ചയാകും.
അബുദാബി, സെപ്റ്റംബർ 8, 2026 : ഡിജിറ്റൽ യുഗത്തിൽ കുടുംബങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ അബുദാബിയിൽ രാജ്യാന്തര വിദ്യാഭ്യാസ സമ്മേളനം നടക്കുന്നു. മുഹമ്മദ് ബിൻ സായിദ് യൂണിവേഴ്സിറ്റി ഫോർ ഹ്യുമാനിറ്റീസിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 15 മുതൽ 17 വരെയാണ് ‘വിദ്യാഭ്യാസം കുടുംബത്തിന്റെ സേവനത്തിന്: കാഴ്ചപ്പാടിൽ നിന്ന് സ്വാധീനത്തിലേക്ക്’ എന്ന തലക്കെട്ടിൽ കോൺഫറൻസ് സംഘടിപ്പിക്കുന്നത്.
യുഎഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലെഫ്റ്റനന്റ് ജനറൽ ശൈഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിലാണ് ത്രിദിന പരിപാടി നടക്കുക. രാജ്യത്ത് 2026 ‘കുടുംബ വർഷ’മായി ആചരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ ഉദ്യമമെന്ന് എജ്യുക്കേഷൻ ഇന്റർഫേസ് പ്ലാറ്റ്‌ഫോം വ്യക്തമാക്കുന്നു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വളർച്ചയും ഓൺലൈൻ ആശയവിനിമയ ശീലങ്ങളും വിദ്യാർഥികളുടെ പഠനരീതികളെ അടിമുടി മാറ്റുന്ന സാഹചര്യത്തിൽ, രക്ഷിതാക്കളുടെ പങ്കിനെക്കുറിച്ച് കോൺഫറൻസ് വിശദമായി ചർച്ച ചെയ്യും. കുട്ടികളിൽ ദേശീയ മൂല്യങ്ങൾ ഉറപ്പുവരുത്തൽ, ഡിജിറ്റൽ പേരന്റിംഗ്, പുതിയ തൊഴിൽ നൈപുണ്യങ്ങൾ വികസിപ്പിക്കൽ എന്നിവയാണ് പ്രധാന ചർച്ചാവിഷയങ്ങൾ. സ്വദേശത്തുനിന്നും വിദേശത്തുനിന്നുമുള്ള വിദ്യാഭ്യാസ വിചക്ഷണരും സാമൂഹിക ശാസ്ത്രജ്ഞരും സർവകലാശാല പ്രതിനിധികളും പങ്കെടുക്കും.
സമ്മേളനത്തിന്റെ ഭാഗമായി ‘ഫാമിലി ബുക്ക്’ എന്ന പ്രത്യേക ഗവേഷണ പ്രസിദ്ധീകരണം പ്രകാശനം ചെയ്യും. യുഎഇയിലെ വിദ്യാഭ്യാസ സംവിധാനങ്ങളും കുടുംബങ്ങളുടെ സാമൂഹിക പശ്ചാത്തലവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള പഠനങ്ങളും നയപരമായ നിർദേശങ്ങളുമാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
സെപ്റ്റംബർ 22, 23 തീയതികളിൽ അഡ്‌നെക് സെന്ററിൽ നടക്കുന്ന പന്ത്രണ്ടാമത് എജ്യുക്കേഷൻ ഇന്റർഫേസ് എക്സിബിഷന് മുന്നോടിയായാണ് ഈ കോൺഫറൻസ് അരങ്ങേറുന്നത്. രക്ഷിതാക്കൾ, അധ്യാപകർ, നയരൂപീകരണ വിദഗ്ധർ എന്നിവരെ ഒരുമിപ്പിച്ച് വിദ്യാഭ്യാസമേഖലയിൽ പ്രായോഗിക മാറ്റങ്ങൾ കൊണ്ടുവരാനാണ് യുഎഇ ലക്ഷ്യമിടുന്നത്.










