ഇഷ്ടകഥാപാത്രങ്ങളെയും പുതിയ പുസ്തകങ്ങളെയും തേടി യുഎഇയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ എക്സ്പോ സെന്ററിൽ എത്തുന്നു.
ഷാർജ, യുഎഇ — ഇഷ്ടപ്പെട്ട കഥാപാത്രങ്ങളെ തേടിയും പുതിയ പുസ്തകങ്ങൾ പരിചയപ്പെട്ടും ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ (എസ്.ഐ.ബി.എഫ് 2026) 45-ാമത് പതിപ്പ് ആഘോഷമാക്കി യുവ വായനക്കാർ. യുഎഇയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് ഫാന്റസി, സാഹസികത, ജാപ്പനീസ് മംഗ, മിസ്റ്ററി വിഭാഗങ്ങളിലുള്ള പുസ്തകങ്ങൾ തേടി മേളയിലെത്തുന്നത്.
ബുക്ക്ടോക് (BookTok), ബുക്ക്സ്റ്റാഗ്രാം (Bookstagram) തുടങ്ങിയ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിലൂടെ ശ്രദ്ധേയമായ പുസ്തകങ്ങളും വർഷങ്ങളായി വായനക്കാരെ ആകർഷിക്കുന്ന പ്രശസ്തമായ പുസ്തക പരമ്പരകളും സ്വന്തമാക്കാനാണ് വിദ്യാർത്ഥികൾ എത്തുന്നത്.
മേളയിൽ ആദ്യമായി എത്തിയ സ്കൂൾ വിദ്യാർത്ഥി റംസിക്ക് ജെഫ് കിന്നിയുടെ ‘ഡയറി ഓഫ് എ വിംപി കിഡ്’ പരമ്പരയാണ് ഏറെ പ്രിയപ്പെട്ടത്. വിംപി കിഡ് വളരെ രസകരമാണെന്നും അതിലെ പ്രധാന കഥാപാത്രമായ ഗ്രെഗ് ഹെഫ്ലിയെ തനിക്ക് ഏറെ ഇഷ്ടമാണെന്നും റംസി പറഞ്ഞു.



ജാപ്പനീസ് മംഗ കൃതികളോടാണ് ഹൈസ്കൂൾ വിദ്യാർത്ഥിയായ സഷിൻ വിജയ്ക്ക് താല്പര്യം. ഗെഗെ അകുതാമിയുടെ ‘ജുജുത്സു കൈസെൻ’ എന്ന കൃതി തേടിയാണ് സഷിൻ എത്തിയത്. ജുജുത്സു കൈസെൻ അനിമേഷൻ സീരീസ് താൻ കാണാറുണ്ടെന്നും അതിന്റെ എല്ലാ മംഗ പതിപ്പുകളും വായിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും സഷിൻ വ്യക്തമാക്കി.
മാക്സ് ബ്രാലിയറുടെ ‘ദി ലാസ്റ്റ് കിഡ്സ് ഓൺ എർത്ത്’ പരമ്പരയിലെ അടുത്ത പുസ്തകം തിരയുകയായിരുന്നു വിദ്യാർത്ഥിനിയായ റയാൻ. ആദ്യ പുസ്തകം ഏറെ ഇഷ്ടപ്പെട്ടതിനാലാണ് അടുത്ത ഭാഗം തേടി എത്തിയതെന്ന് റയാൻ പറഞ്ഞു.
പരിചിതമായ പുസ്തകങ്ങൾക്കപ്പുറം പുതിയ കൃതികൾ കണ്ടെത്താനുള്ള അവസരം കൂടിയാണ് മേള ഒരുക്കുന്നത്. മേളയിലെ വൈവിധ്യമാർന്ന പുസ്തക ശേഖരം തന്നെ ആകർഷിച്ചതായി അഞ്ചാം ക്ലാസ് വിദ്യാർത്ഥി ജേസ് പറഞ്ഞു. കൂടുതൽ പുസ്തകങ്ങൾ വാങ്ങുന്നതിനായി കുടുംബത്തോടൊപ്പം വീണ്ടും മേളയിലേക്ക് വരുമെന്നും ജേസ് കൂട്ടിച്ചേർത്തു.


ഹോളി ജാക്സന്റെ ‘എ ഗുഡ് ഗേൾസ് ഗൈഡ് ടു മർഡർ’ എന്ന പരമ്പരയുടെ ആരാധികയായ രക്ഷയുടെ അഭിപ്രായത്തിൽ, വായനക്കാർക്ക് അവരുടെ അഭിരുചിക്കനുസരിച്ചുള്ള പുസ്തകങ്ങൾ കണ്ടെത്താനുള്ള ഏറ്റവും മികച്ച ഇടമാണ് ഷാർജ പുസ്തകമേള. എല്ലാവർക്കും പുസ്തകങ്ങൾ വായിക്കാൻ ആഗ്രഹമുണ്ടെന്നും, അവർക്ക് അനുയോജ്യമായ പുസ്തകം ഇതുവരെ ലഭിക്കാത്തതാണ് പ്രശ്നമെന്നും രക്ഷ പറഞ്ഞു.
ഷാർജ ബുക്ക് അതോറിറ്റി സംഘടിപ്പിക്കുന്ന 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള നവംബർ 4 മുതൽ 15 വരെ എക്സ്പോ സെന്റർ ഷാർജയിലാണ് നടക്കുന്നത്. ‘കഥകളാൽ നിർമ്മിതം’ (Made of Stories) എന്ന പ്രമേയത്തിൽ നടക്കുന്ന മേളയിൽ ഒമാൻ സുൽത്താനേറ്റാണ് വിശിഷ്ടാതിഥി. 126 രാജ്യങ്ങളിൽ നിന്നുള്ള 3,212 പ്രസാധകരും പ്രദർശകരും പങ്കെടുക്കുന്ന മേളയിൽ 17 ലക്ഷത്തിലധികം പുസ്തകങ്ങളാണ് പ്രദർശിപ്പിക്കുന്നത്. 25 രാജ്യങ്ങളിൽ നിന്നുള്ള 106 അതിഥികൾ പങ്കെടുക്കുന്ന 1,500 സാംസ്കാരിക, കലാ പരിപാടികളും മേളയുടെ ഭാഗമായി നടക്കുന്നുണ്ട്.










