ഷെയ്ഖ് സായിദ് റോഡിനും അൽ വസൽ സ്ട്രീറ്റിനും ഇടയിലുള്ള റോഡ് നവീകരണം പൂർത്തിയാകുമ്പോൾ യാത്രാശേഷി മണിക്കൂറിൽ 12,000 വാഹനങ്ങളായി ഉയരും.
ദുബായ്, സെപ്റ്റംബർ 16, 2026:ദുബായിലെ പ്രധാന യാത്രാ ഇടനാഴികളിലൊന്നായ അൽ സഫ സ്ട്രീറ്റിൽ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമൊരുക്കി റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ). പദ്ധതി പൂർത്തിയാകുന്നതോടെ നിലവിലെ 12 മിനിറ്റ് യാത്രാസമയം വെറും മൂന്ന് മിനിറ്റായി ചുരുങ്ങുമെന്നും റോഡിന്റെ ശേഷി ഇരട്ടിയാകുമെന്നും ആർ.ടി.എ വ്യക്തമാക്കി.
ഷെയ്ഖ് സായിദ് റോഡിനും അൽ വസൽ സ്ട്രീറ്റിനും ഇടയിലുള്ള 1,500 മീറ്റർ ദൈർഘ്യത്തിലാണ് സമഗ്ര നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. പ്രധാന ജംഗ്ഷനുകളിലെ സിഗ്നലുകളിൽ കുരുങ്ങാതെ സുഗമമായി സഞ്ചരിക്കാൻ സഹായിക്കുന്ന രണ്ട് പാലങ്ങളും രണ്ട് തുരങ്കങ്ങളുമാണ് ഇവിടെ നിർമ്മിക്കുന്നത്. ഇവയുടെ ആകെ ദൈർഘ്യം 3,120 മീറ്ററാണ്.
പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ഇരുവശങ്ങളിലേക്കുമുള്ള റോഡിന്റെ ശേഷി നിലവിലെ 6,000 വാഹനങ്ങളിൽ നിന്ന് മണിക്കൂറിൽ 12,000 ആയി വർധിക്കും.
പ്രധാന നിർമ്മാണ ഘടകങ്ങൾ:
- അൽ വസൽ സ്ട്രീറ്റിൽ നിന്ന് ഷെയ്ഖ് സായിദ് റോഡ്, ഫിനാൻഷ്യൽ സെന്റർ സ്ട്രീറ്റ് ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾക്കായി 1,005 മീറ്റർ നീളമുള്ള നാലുവരി മേൽപ്പാലം.
- അൽ സത്‌വ റോഡിൽ നിന്ന് ഷെയ്ഖ് സായിദ് റോഡ് ഭാഗത്തേക്ക് പ്രവേശിക്കാൻ 360 മീറ്റർ നീളമുള്ള ഇരുവരി മേൽപ്പാലം.
- ഷെയ്ഖ് സായിദ് റോഡിൽ നിന്നും ഫിനാൻഷ്യൽ സെന്റർ സ്ട്രീറ്റിൽ നിന്നും അൽ വസൽ സ്ട്രീറ്റിലേക്ക് വാഹനങ്ങൾ എത്തിക്കാൻ 1,005 മീറ്റർ ദൈർഘ്യമുള്ള തുരങ്കപാത.
- അൽ വസൽ സ്ട്രീറ്റ്–അൽ സഫ സ്ട്രീറ്റ് ജംഗ്ഷനിൽ ഇരുവശങ്ങളിലേക്കുമായി രണ്ട് വരികൾ വീതമുള്ള 750 മീറ്റർ തുരങ്കപാത.
മേൽപ്പാലങ്ങൾക്കും തുരങ്കങ്ങൾക്കും പുറമെ ഉപരിതല റോഡുകളിലും മാറ്റങ്ങൾ വരുത്തുന്നുണ്ട്. അൽ സഫ സ്ട്രീറ്റിൽ ഓരോ ദിശയിലുമുള്ള മൂന്ന് വരികൾ നാലായി ഉയർത്തും. ഇതിൽ രണ്ട് വരികൾ നോൺ-സ്റ്റോപ്പ് ഫ്രീ-ഫ്ലോ ഗതാഗതത്തിനും ബാക്കി രണ്ട് വരികൾ സിഗ്നൽ നിയന്ത്രിത ഗതാഗതത്തിനുമായി നീക്കിവെക്കും. യുടേൺ സൗകര്യങ്ങളും പ്രവേശന പാതകളും പുനഃക്രമീകരിക്കുന്നുണ്ട്.
നിർമ്മാണം നടക്കുന്നതിനാൽ ഈ മേഖലയിൽ താൽക്കാലിക ഗതാഗത വഴിതിരിച്ചുവിടലുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രധാന നിർമ്മാണ മേഖലയ്ക്ക് സമാന്തരമായി നിർമ്മിച്ച ബൈപാസ് റോഡുകളിലൂടെയാണ് ഇപ്പോൾ വാഹനങ്ങൾ കടത്തിവിടുന്നത്. അൽ സത്‌വ സ്ട്രീറ്റ്, അൽ മുൽതഖ സ്ട്രീറ്റ് ജംഗ്ഷനുകളിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഡ്രൈവർമാർ വേഗപരിധി പാലിച്ച് താൽക്കാലിക സൂചനാ ബോർഡുകൾ ശ്രദ്ധിക്കണമെന്ന് ആർ.ടി.എ നിർദ്ദേശിച്ചു.
ദുബായുടെ സമഗ്ര റോഡ് വികസന മാസ്റ്റർപ്ലാനിന്റെ ഭാഗമായാണ് അൽ സഫ പദ്ധതി നടപ്പാക്കുന്നത്. അൽ വസൽ സ്ട്രീറ്റ് വികസനം, ഉമ്മു സുഖീം സ്ട്രീറ്റ് നവീകരണം എന്നിവയോട് ചേർന്നാണ് ഇത് പൂർത്തിയാകുന്നത്. ഇതിലൂടെ ഷെയ്ഖ് സായിദ് റോഡ്, അൽ ഖൈൽ റോഡ്, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, എമിറേറ്റ്സ് റോഡ് എന്നീ പ്രധാന ഹൈവേകൾ തമ്മിലുള്ള ബന്ധം കൂടുതൽ സുഗമമാകും.










