ഡിജിറ്റൽ ടിക്കറ്റിംഗിൽ കുതിച്ചുചാട്ടം; പ്രവാസികൾക്ക് മുൻഗണന നൽകുന്ന ബജറ്റ് എയർലൈനുകൾ വ്യോമയാന മേഖലയെ നയിക്കുന്നതായി എടിഎം റിപ്പോർട്ട്.
ദുബായ്, സെപ്റ്റംബർ 17, 2026 : യുഎഇയിലെ വിമാന ടിക്കറ്റ് വിൽപനയിൽ പകുതിയിലധികവും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലേക്ക് മാറുന്നു. കോർപ്പറേറ്റ് യാത്രകളുടെ തിരിച്ചുവരവും ബജറ്റ് എയർലൈനുകളുടെ വിപുലീകരണവും വഴി 2030-ഓടെ പ്രാദേശിക എയർ ടിക്കറ്റിംഗ് വിപണി 650 കോടി ഡോളറിലെത്തുമെന്ന് ദുബായിൽ പുറത്തുവിട്ട ഏറ്റവും പുതിയ പഠനം വ്യക്തമാക്കുന്നു.
ദുബായ് — യുഎഇയിലെ എയർലൈൻ ടിക്കറ്റ് വിൽപ്പനയുടെ 52 ശതമാനവും 2030-ഓടെ ഓൺലൈൻ ട്രാവൽ ഏജൻസികളും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും വഴിയാകുമെന്ന് ട്രാവൽ റിസർച്ച് സ്ഥാപനമായ ‘വൈഡെക്’ (VIDEC). ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ സമാപിച്ച 33-ാമത് അറേബ്യൻ ട്രാവൽ മാർക്കറ്റിലാണ് (ATM 2026) റിപ്പോർട്ട് അവതരിപ്പിച്ചത്.
യുഎഇയിൽ നിന്നുള്ള വിമാന ടിക്കറ്റ് ഇടപാടുകളിലെ ഓൺലൈൻ പങ്കാളിത്തം 2025-ലെ 42 ശതമാനത്തിൽ നിന്ന് 2026 അവസാനത്തോടെ 46 ശതമാനമായി ഉയരും. 2030-ഓടെ മൊത്തം പ്രാദേശിക വിമാന ടിക്കറ്റ് വിൽപ്പന 650 കോടി ഡോളറിലേക്ക് (ഏകദേശം 5,400 കോടി രൂപയിലധികം) കുതിക്കുമെന്നാണ് കണക്കുകൂട്ടൽ.
ഈ വർഷത്തിന്റെ തുടക്കത്തിൽ ആഗോള വ്യോമപാതകളിൽ നേരിട്ട പ്രതിസന്ധികളെത്തുടർന്ന് പ്രമുഖ എയർലൈനുകളുടെ സർവീസുകൾ 15 മുതൽ 25 ശതമാനം വരെ വെട്ടിച്ചുരുക്കേണ്ടി വന്നിരുന്നു. എന്നാൽ, പോയിന്റ്-ടു-പോയിന്റ് സർവീസുകൾ നടത്തുന്ന കുറഞ്ഞ നിരക്കിലുള്ള വിമാനക്കമ്പനികളാണ് (LCCs) ഈ തിരിച്ചടി മറികടക്കാൻ വിപണിയെ സഹായിച്ചതെന്ന് വൈഡെക് സിഇഒ വീരേന്ദ്ര ജെയിൻ ചൂണ്ടിക്കാട്ടി.
എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, ഫ്ലൈനാസ് തുടങ്ങിയ വിദേശ ബജറ്റ് എയർലൈനുകളും യുഎഇയുടെ സ്വന്തം ബജറ്റ് കാരിയറുകളും ചുരുങ്ങിയ റൂട്ടുകളിലെ യാത്രക്കാരെ മുൻനിർത്തി വേഗത്തിൽ സർവീസുകൾ പുനഃസ്ഥാപിച്ചു. 2025-ലെ പ്രവർത്തന നിലവാരത്തിലേക്ക് ഇവ ഈ വർഷം തന്നെ തിരിച്ചെത്തുമെന്നാണ് വിലയിരുത്തൽ.
2025-ൽ യുഎഇ വിമാനത്താവളങ്ങൾ കൈകാര്യം ചെയ്തത് 16 കോടി യാത്രക്കാരെയാണ്. ഇതിൽ 35 ശതമാനവും ബജറ്റ് എയർലൈനുകളിലെ യാത്രക്കാരായിരുന്നു. 2019-ൽ 3.1 കോടിയായിരുന്ന ബജറ്റ് എയർലൈൻ യാത്രക്കാരുടെ എണ്ണം 2025-ൽ 5.6 കോടിയായി ഉയർന്നു. 81 ശതമാനത്തിന്റെ വൻ വർധനയാണിത്. ഇക്കാലയളവിൽ വലിയ എയർലൈനുകളിലെ യാത്രക്കാരുടെ എണ്ണം 9.7 കോടിയിൽ നിന്ന് 10.3 കോടിയായാണ് മാറിയത്.
യുഎഇയിലെ എയർ ടിക്കറ്റിംഗ് ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ ഇന്ത്യൻ കമ്പനിയായ മെയ്ക്ക്മൈട്രിപ്പ് (MakeMyTrip) ഒന്നാം സ്ഥാനം നിലനിർത്തി. വലിയ പ്രവാസി ജനസംഖ്യയും യാത്രക്കാരുടെ ആവശ്യകതയുമാണ് ഇതിന് കരുത്തായത്. ചൈനീസ് പ്ലാറ്റ്‌ഫോമായ ട്രിപ്പ്.കോം (Trip.com) വിപണിയിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. അതേസമയം, ഹോട്ടൽ ബുക്കിംഗുകളിൽ 70 ശതമാനവും ബുക്കിംഗ്.കോം, അഗോഡ എന്നീ പ്ലാറ്റ്‌ഫോമുകളാണ് കൈകാര്യം ചെയ്യുന്നത്.
നാലുദിവസമായി ദുബായിൽ നടന്നു വന്ന അറേബ്യൻ ട്രാവൽ മാർക്കറ്റ് വ്യാഴാഴ്ച സമാപിച്ചു. ‘ട്രാവൽ 2040: ഇന്നൊവേഷനിലൂടെയും സാങ്കേതികവിദ്യയിലൂടെയും പുതിയ അതിരുകൾ’ എന്നതായിരുന്നു ഈ വർഷത്തെ പ്രമേയം.










