ഭക്ഷ്യമാലിന്യവും പ്ലാസ്റ്റിക്കും കുറയ്ക്കാൻ നൂതന സാങ്കേതികവിദ്യകളുമായി എച്ച്എംഎച്ച് ഗ്രൂപ്പ്; ഷാർജയിലും അജ്മാനിലും പുതിയ പദ്ധതികൾ പ്രവർത്തനക്ഷമം.
ദുബായ്, സെപ്റ്റംബർ 16, 2026 :ഹോട്ടൽ പ്രവർത്തനങ്ങളിൽ പാരിസ്ഥിതിക സുസ്ഥിരത ഉറപ്പാക്കുന്നതിനായി മാലിന്യ നിർമാർജനത്തിലും ജലസംരക്ഷണത്തിലും അത്യാധുനിക സാങ്കേതികവിദ്യകൾ നടപ്പിലാക്കി പ്രമുഖ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പായ ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് ഹോൾഡിംഗ് (HMH).
ഭക്ഷ്യമാലിന്യം, പ്ലാസ്റ്റിക് ഉപയോഗം, അമിതമായ ജല ഉപഭോഗം എന്നിവ തടയുന്നതിനായി തങ്ങളുടെ കീഴിലുള്ള യുഎഇ ഹോട്ടലുകളിൽ സമഗ്രമായ മാറ്റങ്ങൾ വരുത്തിയതായി ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മാനേജ്മെന്റ് ബുധനാഴ്ച അറിയിച്ചു. നോർത്തേൺ എമിറേറ്റ്സിലെ പ്രമുഖ പ്രോപ്പർട്ടികളിലാണ് ഈ പരിഷ്കാരങ്ങൾ ആദ്യം യാഥാർത്ഥ്യമാക്കിയത്.
ഷാർജ കോറൽ ബീച്ച് റിസോർട്ടിൽ സ്ഥാപിച്ച അത്യാധുനിക ബയോഡൈജസ്റ്റർ വഴി അടുക്കളകളിൽ നിന്നുള്ള ഭക്ഷ്യമാലിന്യങ്ങൾ പൂർണമായും ഗ്രേ-വാട്ടറാക്കി മാറ്റുന്നുണ്ട്. സംസ്കരിച്ചെടുക്കുന്ന ഈ വെള്ളം റിസോർട്ടിലെ പൂന്തോട്ടങ്ങളും പുൽത്തകിടികളും നനയ്ക്കാനാണ് ഉപയോഗിക്കുന്നത്. ഇതിലൂടെ മാലിന്യങ്ങൾ പുറന്തള്ളുന്നത് ഇല്ലാതാക്കാനും പൂന്തോട്ട പരിപാലനത്തിനുള്ള ജലലഭ്യത ഉറപ്പാക്കാനും സാധിക്കുന്നു.
കൂടാതെ, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ ഒഴിവാക്കുന്നതിനായി റിസോർട്ടിനുള്ളിൽ തന്നെ വാട്ടർ ബോട്ടിലിംഗ് പ്ലാന്റും ഒരുക്കിയിട്ടുണ്ട്. അടുക്കളകളിലേക്ക് ആവശ്യമായ പച്ചക്കറികളും പഴങ്ങളും ഉൽപ്പാദിപ്പിക്കാൻ ‘കോറൽഗാനിക് ഗാർഡൻ’ എന്ന പേരിൽ ജൈവ കൃഷിയും റിസോർട്ടിൽ വിജയകരമായി നടത്തുന്നുണ്ട്.
അജ്മാനിലെ ബാഹി അജ്മാൻ പാലസ് ഹോട്ടലിൽ വായുവിൽ നിന്ന് നേരിട്ട് കുടിവെള്ളം നിർമിക്കുന്ന അറ്റ്മോസ്ഫെറിക് വാട്ടർ ജനറേറ്ററുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. തീരദേശ മേഖലയിലെ വായുവിലുള്ള ഈർപ്പം വലിച്ചെടുത്ത് ശുദ്ധമായ കുടിവെള്ളമാക്കി മാറ്റുന്നതാണ് ഈ സാങ്കേതികവിദ്യ. ഇത് വഴി വാണിജ്യാടിസ്ഥാനത്തിലുള്ള പ്ലാസ്റ്റിക് കുപ്പിവെള്ളത്തെ ആശ്രയിക്കുന്നതും അത് വഴിയുണ്ടാകുന്ന കാർബൺ ബഹിർഗമനവും ഗണ്യമായി കുറയ്ക്കാനായി.
ഉപയോഗശൂന്യമാകുന്ന ബെഡ്ഷീറ്റുകൾ, ടവലുകൾ, ജീവനക്കാരുടെ യൂണിഫോമുകൾ എന്നിവ സാധാരണ ചവറ്റുകുട്ടകളിലേക്ക് തള്ളുന്നതിന് പകരം, അവ പുനരുപയോഗം (ടെക്സ്റ്റൈൽ റീസൈക്ലിംഗ്) ചെയ്യുന്ന പദ്ധതിയും ഇരു ഹോട്ടലുകളിലും ആരംഭിച്ചു.
സുസ്ഥിര വികസന പ്രവർത്തനങ്ങൾ കൂടുതൽ ഹോട്ടലുകളിലേക്ക് വ്യാപിപ്പിക്കുന്നതിനായി ‘എമിറേറ്റ്സ് ഹോസ്പിറ്റാലിറ്റി സസ്റ്റൈനബിലിറ്റി അലയൻസ്’ കൂട്ടായ്മയ്ക്കും കോറൽ ബീച്ച് റിസോർട്ട് അടുത്തിടെ തുടക്കം കുറിച്ചിരുന്നു. ആതിഥേയ മേഖലയിൽ വർധിച്ചുവരുന്ന പ്രവർത്തനച്ചെലവുകൾ നിയന്ത്രിക്കാനും പ്രകൃതിവിഭവങ്ങളുടെ സംരക്ഷണം ഉറപ്പാക്കാനും ഇത്തരം നൂതന സാങ്കേതികവിദ്യകൾ വഴിയൊരുക്കുമെന്നാണ് വ്യവസായ രംഗത്തെ വിലയിരുത്തൽ.










