വിസ ഇളവുകളും ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനങ്ങളും കരുത്തായി; അറേബ്യൻ ട്രാവൽ മാർക്കറ്റ് 2026 സമാപിച്ചു
ദുബായ്, സെപ്റ്റംബർ 17, 2026 : ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികളുടെ ഒഴുക്കിൽ ഗൾഫ് രാജ്യങ്ങളിലെ വിനോദസഞ്ചാര മേഖലയിൽ വൻ മുന്നേറ്റം. 2025-ൽ ഏഷ്യാ-പസഫിക് മേഖലയിൽ നിന്ന് 16.48 കോടി (164.8 ദശലക്ഷം) സന്ദർശകരാണ് ജിസിസി രാജ്യങ്ങളിലെത്തിയത്. 2019-ലെ കണക്കുകളേക്കാൾ 161 ശതമാനത്തിന്റെ വർധനയാണിത്.
ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ സമാപിച്ച 33-ാമത് അറേബ്യൻ ട്രാവൽ മാർക്കറ്റിൽ (ATM 2026) ഓക്സ്ഫഡ് ഇക്കണോമിക്സ് പുറത്തുവിട്ട കണക്കുകളാണ് ഈ വളർച്ച വ്യക്തമാക്കുന്നത്. ഏഷ്യ-ജിസിസി യാത്രാ ഇടനാഴിയെ ആഗോള ടൂറിസത്തിന്റെ പ്രധാന വളർച്ചാ കേന്ദ്രമാക്കി മാറ്റാൻ വിസ നടപടികളിലെ ലഘൂകരണത്തിനും സുഗമമായ ഡിജിറ്റൽ സാമ്പത്തിക ഇടപാടുകൾക്കും സാധിച്ചതായി വിദഗ്ധർ വിലയിരുത്തി.
യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലേക്ക് ഏറ്റവും കൂടുതൽ സന്ദർശകരെത്തുന്ന പ്രധാന വിപണിയായി ഇന്ത്യ തുടരുകയാണ്. ഇതേ കാലയളവിൽ ചൈനയിൽ നിന്നുള്ള സന്ദർശകരുടെ എണ്ണത്തിൽ 10 ശതമാനം വർധനയുണ്ടായതായി ഓക്സ്ഫഡ് ഇക്കണോമിക്സ് സീനിയർ ഇക്കണോമിസ്റ്റ് ആരോൺ ഗോൾഡ്രിങ് ചൂണ്ടിക്കാട്ടി. ഇന്ത്യ, ചൈന എന്നിവയ്ക്ക് പുറമെ ദക്ഷിണ കൊറിയ, മലേഷ്യ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഇടത്തരം വരുമാനക്കാരായ വിനോദസഞ്ചാരികളുടെ എണ്ണത്തിലും കാര്യമായ വർധന രേഖപ്പെടുത്തുന്നുണ്ട്.
സഞ്ചാരികൾക്ക് തടസ്സമില്ലാത്ത യാത്രാ സൗകര്യമൊരുക്കുന്നതിൽ ദുബായ് സ്വീകരിച്ച നടപടികൾ മാതൃകാപരമാണെന്ന് ദുബായ് ഇക്കോണമി ആൻഡ് ടൂറിസം വകുപ്പ് ഏഷ്യാ പസഫിക് റീജിയണൽ ഡയറക്ടർ ഷഹാബ് അബ്ദുള്ള ഷായൻ വ്യക്തമാക്കി. 2016-ൽ ചൈനീസ് പൗരന്മാർക്ക് വിസ രഹിത പ്രവേശനം അനുവദിച്ചതാണ് ആദ്യ ചുവടുവെപ്പ്. ഇതിനുപിന്നാലെ അലിപേ, വിചാറ്റ് പേ തുടങ്ങിയ ഡിജിറ്റൽ വാലറ്റുകൾ യുഎഇ സെൻട്രൽ ബാങ്കിന്റെയും മാളുകളുടെയും വ്യാപാരികളുടെയും സഹകരണത്തോടെ സ്വീകാര്യമാക്കിയതോടെ പേപ്പർ രഹിതവും പണരഹിതവുമായ യാത്ര സാധ്യമായെന്ന് അദ്ദേഹം പറഞ്ഞു.
ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഏഷ്യയിലേക്കുള്ള സഞ്ചാരികളുടെ എണ്ണത്തിലും വലിയ കുതിപ്പുണ്ട്. 2025-ൽ ആറ് ജിസിസി രാജ്യങ്ങളിൽ നിന്നായി ഒന്നര ലക്ഷത്തിലധികം ആളുകൾ ചൈന സന്ദർശിച്ചതായി വേൾഡ് ടൂറിസം സിറ്റീസ് ഫെഡറേഷൻ (WTCF) പ്രതിനിധി വാദ് മെല്ലിറ്റി അറിയിച്ചു. 2024-നെ അപേക്ഷിച്ച് 100 ശതമാനം വളർച്ചയാണിത്. സൗദി അറേബ്യയിൽ നിന്നുള്ള യാത്രക്കാരിൽ 110 ശതമാനവും യുഎഇയിൽ നിന്ന് 113 ശതമാനവും വർധന രേഖപ്പെടുത്തി.
മാറുന്ന ഉപഭോക്തൃ അഭിരുചികൾക്കനുസരിച്ച് ആതിഥേയ മേഖലയിൽ മാറ്റങ്ങൾ അനിവാര്യമാണെന്ന് പൾസ് ഹോട്ടൽസ് ആൻഡ് റിസോർട്സ് സിഒഒ ഫ്രെഡറിക് ബ്രോഹെസ് പറഞ്ഞു. പരമ്പരാഗത ആഡംബരങ്ങളേക്കാൾ പ്രാദേശിക സംസ്കാരം തൊട്ടറിയുന്ന യാത്രാനുഭവങ്ങൾക്കാണ് പുതിയ തലമുറ മുൻഗണന നൽകുന്നത്.
‘ട്രാവൽ 2040: ഇന്നൊവേഷനിലൂടെയും സാങ്കേതികവിദ്യയിലൂടെയും പുതിയ സാധ്യതകൾ’ എന്ന പ്രമേയത്തിൽ നടന്ന എടിഎം 2026-ൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സ്മാർട്ട് മൊബിലിറ്റി, ഡിജിറ്റൽ പരിവർത്തനം എന്നിവ വിനോദസഞ്ചാര രംഗത്ത് വരുത്തുന്ന മാറ്റങ്ങൾ വിശദമായി ചർച്ച ചെയ്തു. ഗൾഫ്-ഏഷ്യ ബന്ധം ടൂറിസം രംഗത്ത് ദീർഘകാലാടിസ്ഥാനത്തിൽ നിർണായക സ്വാധീനം ചെലുത്തുമെന്ന് എടിഎം എക്സിബിഷൻ ഡയറക്ടർ ഡാനിയേൽ കർട്ടിസ് പറഞ്ഞു.










