ആഗോള നീതിന്യായ മുൻഗണനകൾ നിശ്ചയിക്കാൻ 97 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ തലസ്ഥാനത്ത് സംഗമിച്ചു
അബുദാബി, സെപ്റ്റംബർ 26, 2026 : കുറ്റകൃത്യ പ്രതിരോധ രംഗത്തും നീതിന്യായ പരിപാലനത്തിലും ആഗോള നയങ്ങൾക്ക് രൂപം നൽകുന്ന പതിനഞ്ചാമത് യുണൈറ്റഡ് നേഷൻസ് ക്രൈം കോൺഗ്രസിന് അബുദാബിയിൽ തുടക്കമായി.
അഡ്നെക് (ADNEC) സെന്ററിൽ ആരംഭിച്ച ആറ് ദിവസത്തെ ആഗോള ഉച്ചകോടിയിൽ 97 ലധികം രാജ്യങ്ങളിൽ നിന്നായി അയ്യായിരത്തോളം പ്രതിനിധികളാണ് പങ്കെടുക്കുന്നത്. ഒക്ടോബർ ഒന്ന് വരെ നീളുന്ന സമ്മേളനത്തിൽ വിവിധ രാജ്യങ്ങളുടെ നീതിന്യായ-ആഭ്യന്തര വകുപ്പ് മന്ത്രിമാർ, നയതന്ത്രജ്ഞർ, നിയമ വിദഗ്ധർ എന്നിവർ പങ്കാളികളാകുന്നുണ്ട്.
കുറ്റകൃത്യങ്ങൾ തടയുന്നതിലും നീതിന്യായ വ്യവസ്ഥയെ കൂടുതൽ കാര്യക്ഷമമാക്കുന്നതിലും അടുത്ത അഞ്ച് വർഷത്തേക്കുള്ള അന്താരാഷ്ട്ര മാർഗരേഖ തയ്യാറാക്കുകയാണ് കോൺഗ്രസിന്റെ പ്രധാന ലക്ഷ്യം. 32 ലധികം നീതിന്യായ-ആഭ്യന്തര മന്ത്രിമാരും 93 അന്താരാഷ്ട്ര വിദഗ്ധരും കോൺഗ്രസിലെ വിവിധ സെഷനുകളിൽ നേതൃത്വം നൽകും.
സാങ്കേതികവിദ്യയുടെ വളർച്ചയ്ക്കൊപ്പം മാറുന്ന കുറ്റകൃത്യങ്ങൾ, സൈബർ തട്ടിപ്പുകൾ, അതിർത്തി കടന്നുള്ള കള്ളപ്പണം വെളുപ്പിക്കൽ, സംഘടിത കുറ്റകൃത്യങ്ങൾ എന്നിവ ഫലപ്രദമായി നേരിടാനുള്ള സംയുക്ത നീക്കങ്ങൾ ചർച്ചയാകും. പൗരന്മാർക്ക് നീതി ഉറപ്പാക്കുന്നതിനൊപ്പം നിയമപാലന രംഗത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യകൾ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കുന്നത് സംബന്ധിച്ചും കർമപദ്ധതി തയ്യാറാക്കും.
ഓരോ അഞ്ച് വർഷം കൂടുമ്പോഴും ഐക്യരാഷ്ട്രസഭയുടെ മേൽനോട്ടത്തിൽ ചേരുന്ന ഈ ഉച്ചകോടി, ആഗോളതലത്തിൽ പൊലീസ്-നീതിന്യായ ചട്ടക്കൂടുകൾ പരിഷ്കരിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നുണ്ട്. അബുദാബിയിൽ നടക്കുന്ന ചർച്ചകളുടെ അടിസ്ഥാനത്തിൽ സ്വീകരിക്കുന്ന പ്രഖ്യാപനങ്ങൾ വരും വർഷങ്ങളിലെ അന്താരാഷ്ട്ര നിയമനിർമാണങ്ങൾക്കും സഹകരണത്തിനും അടിസ്ഥാനമാകും.










