ഷാർജ, Nov 11, 2026: കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തെയും പഠനത്തിന്റെ ഗുണനിലവാരത്തെയും വിമർശനാത്മകമായി വിലയിരുത്തുന്ന ഡോ. നാസർ കുന്നുമ്മലിന്റെ ‘അധികാരം അക്ഷരം’ എന്ന പുസ്തകം ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്തു. സാഹിത്യകാരൻ ബഷീർ തിക്കോടി പുസ്തകത്തിന്റെ ആദ്യപ്രതി ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ വിദേശകാര്യ വിഭാഗം എക്സിക്യൂട്ടീവ് ഡോ. മോഹൻകുമാറിന് കൈമാറി പ്രകാശനകർമം നിർവഹിച്ചു.
ചടങ്ങിൽ മാജിക് മൂൺ പബ്ലിഷേഴ്സ് മാർക്കറ്റിങ് ഹെഡ് പ്രഭാത് ശർമ, സിറാജ് ദിനപത്രം ദുബായ് എഡിറ്റർ ശരീഫ് കാരശ്ശേരി, കാർലോ മാനേജിങ് ഡയറക്ടർ റിയാസ് കുന്നുമ്മൽ മാങ്ങോട്ട്, നിസാർ പറ്ട്ടുവം , മൻഷാദ്, ജംഷിദ് ലോട്ടസ് ഗ്രൂപ്പ് അജ്മാൻ എന്നിവർ പങ്കെടുത്തു. രചയിതാവ് ഡോ. നാസർ കുന്നുമ്മലും ചടങ്ങിൽ സന്നിഹിതനായിരുന്നു.
കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തെയും പഠനത്തിന്റെ ഗുണനിലവാരത്തെയും ആഴത്തിൽ വിലയിരുത്തുന്ന കൃതിയാണ് മാജിക് മൂൺ പബ്ലിഷേഴ്സ് പുറത്തിറക്കിയ ‘അധികാരം അക്ഷരം’. ഉയർന്ന സാക്ഷരതാ നിരക്കും വിപുലമായ വിദ്യാഭ്യാസ അടിസ്ഥാനസൗകര്യങ്ങളും മാത്രം യഥാർഥ വിദ്യാഭ്യാസ പുരോഗതിയുടെ മാനദണ്ഡങ്ങളാകുമോ എന്ന ചോദ്യം പുസ്തകം ഉയർത്തുന്നു. കുട്ടികളിൽ അറിവും വിമർശനാത്മക ചിന്താശേഷിയും വളർത്തുന്നതിൽ നിലവിലെ വിദ്യാഭ്യാസ സമ്പ്രദായം എത്രത്തോളം വിജയിക്കുന്നുവെന്നും കൃതി പരിശോധിക്കുന്നു. വിദ്യാഭ്യാസത്തിന്റെ യഥാർഥ ലക്ഷ്യത്തെക്കുറിച്ച് വായനക്കാരെ പുനർവിചിന്തനത്തിന് പ്രേരിപ്പിക്കുന്നതാണ് പുസ്തകം.

Photo Caption: ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ മാജിക് മൂൺ പബ്ലിഷേഴ്സ് പുറത്തിറക്കിയ ഡോ. നാസർ കുന്നുമ്മൽ രചിച്ച ‘അധികാരം അക്ഷരം’ എന്ന പുസ്തകത്തിന്റെ ആദ്യപ്രതി സാഹിത്യകാരൻ ബഷീർ തിക്കോടി മേളയുടെ വിദേശകാര്യ വിഭാഗം എക്സിക്യൂട്ടീവ് ഡോ. മോഹൻകുമാറിന് കൈമാറി പ്രകാശനം ചെയ്യുന്നു. പ്രഭാത് ശർമ, ശരീഫ് കാരശ്ശേരി, റിയാസ് കുന്നുമ്മൽ മാങ്ങോട്ട് തുടങ്ങിയവർ സമീപം.










