കോർപ്പറേറ്റ് ട്രാൻസ്ഫർമേഷൻ വാരത്തോടനുബന്ധിച്ച് പുതിയ അജിലിറ്റി ലാബും തുറന്നു; ആദ്യ ആഗോള ‘അജിലിറ്റി സെന്റർ ഓഫ് എക്‌സലൻസ്’ സ്ഥാപിക്കാൻ കരാർ.
ദുബായ്, ഒക്ടോബർ 2, 2026 : ഭരണനിർവഹണ സംവിധാനങ്ങളെ കൂടുതൽ കാര്യക്ഷമവും കാലാനുസൃതവുമായി പരിഷ്കരിക്കുന്നതിന്റെ ഭാഗമായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) പുതിയ ‘ഇൻസ്റ്റിറ്റ്യൂഷണൽ റെഡിനസ് ആൻഡ് ഡെവലപ്‌മെന്റ് സെന്ററും’ കോർപ്പറേറ്റ് അജിലിറ്റി ലാബും തുറന്നു.
ആർടിഎ സംഘടിപ്പിച്ച കോർപ്പറേറ്റ് ട്രാൻസ്ഫർമേഷൻ വാരത്തോടനുബന്ധിച്ച് ഡയറക്ടർ ജനറലും ബോർഡ് ഓഫ് എക്സിക്യൂട്ടീവ് ഡയറക്ടേഴ്സ് ചെയർമാനുമായ മത്തർ അൽ തായർ പുതിയ കേന്ദ്രം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. സ്ഥാപനപരമായ മാറ്റങ്ങൾ വേഗത്തിലാക്കുക, ജീവനക്കാരുടെ തൊഴിൽശേഷി വർധിപ്പിക്കുക, ഭാവി വെല്ലുവിളികൾ നേരിടാൻ ഭരണസംവിധാനങ്ങളെ സജ്ജമാക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.
നാലു ദിവസം നീണ്ടുനിന്ന പരിപാടിയിൽ പ്രാദേശിക-അന്തർദേശീയ വിദഗ്ധർ പങ്കെടുത്ത 10 സെമിനാറുകൾ, രണ്ട് പാനൽ ചർച്ചകൾ, നാല് പ്രത്യേക ശിൽപശാലകൾ എന്നിവ നടന്നു. വിവിധ വിഭാഗങ്ങളിൽ നിന്നായി 480-ഓളം പ്രതിനിധികൾ സെഷനുകളിൽ പങ്കെടുത്തു.
സെന്റർ സന്ദർശിച്ച മത്തർ അൽ തായർ പദ്ധതിയുടെ ഘടനയും ലക്ഷ്യങ്ങളും വിലയിരുത്തി. പ്രവർത്തനരീതികളിൽ നൂതന പരീക്ഷണങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഒരുക്കിയ ‘കോർപ്പറേറ്റ് അജിലിറ്റി ലാബും’ അദ്ദേഹം തുറന്നുകൊടുത്തു. തുടർന്ന്, സ്ഥാപനത്തിന്റെ മാറ്റങ്ങൾക്ക് നേതൃത്വപരമായ പിന്തുണ ഉറപ്പുനൽകുന്ന ‘കോർപ്പറേറ്റ് ട്രാൻസ്ഫർമേഷൻ എക്‌സലൻസ് ചാർട്ടറിൽ’ അദ്ദേഹം ഒപ്പുവെച്ചു.
ഭാവിയിലെ ആവശ്യങ്ങൾക്കനുസരിച്ച് വികസനം ഉറപ്പാക്കാൻ മാറ്റങ്ങളെ മുൻകൂട്ടി കണ്ട് പ്രതികരിക്കാൻ ശേഷിയുള്ള ഭരണസംവിധാനം അനിവാര്യമാണെന്ന് മത്തർ അൽ തായർ വ്യക്തമാക്കി. ജീവനക്കാരുടെ കഴിവുകൾ നിരന്തരം വികസിപ്പിക്കുകയും തൊഴിലിടത്തിൽ തുടർച്ചയായ പഠനവും മാറ്റങ്ങളും സംസ്കാരത്തിന്റെ ഭാഗമാക്കുകയും ചെയ്യുമ്പോൾ മാത്രമേ ആസൂത്രിത വികസനപദ്ധതികൾ ലക്ഷ്യത്തിലെത്തിക്കാൻ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി ബിസിനസ് അജിലിറ്റി ഇൻസ്റ്റിറ്റ്യൂട്ടുമായി (ബിഎഐ) ആർടിഎ തന്ത്രപരമായ കരാറിലും ഒപ്പുവെച്ചു. സർക്കാർ മേഖലയിൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ലോകത്തെ ആദ്യ ‘അജിലിറ്റി സെന്റർ ഓഫ് എക്സലൻസ്’ (എസിഇ) ദുബായിൽ സ്ഥാപിക്കാൻ കരാർ വ്യവസ്ഥ ചെയ്യുന്നു.
ആർടിഎ എക്‌സിക്യൂട്ടീവ് അഫയേഴ്‌സ് സെക്ടർ സിഇഒ മോസ സയീദ് അൽ മർറിയും ബിസിനസ് അജിലിറ്റി ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ ഡോ. അഹമ്മദ് സിദ്കിയും ചേർന്നാണ് കരാർ ഒപ്പുവെച്ചത്.
അമേരിക്കൻ പ്രൊഡക്റ്റിവിറ്റി ആൻഡ് ക്വാളിറ്റി സെന്ററുമായി (എപിക്യുസി) സഹകരിച്ച് പുതിയ സെന്ററിന്റെ പ്രവർത്തന മാതൃക രൂപകൽപ്പന ചെയ്യുന്നതിനും ജീവനക്കാർക്ക് അന്താരാഷ്ട്ര ‘ഐസിഅജൈൽ’ (ICAgile) സർട്ടിഫിക്കേഷൻ പരിശീലനങ്ങൾ നൽകുന്നതിനും കരാർ വഴിയൊരുക്കും. പുറത്തുനിന്നുള്ള പരിശീലകരെ സ്ഥിരമായി ആശ്രയിക്കുന്നതിനു പകരം, ആർടിഎയിലെ ജീവനക്കാരെത്തന്നെ ആഗോള മാനദണ്ഡങ്ങൾക്കനുസരിച്ച് പരിശീലകരായി മാറ്റിയെടുക്കുന്ന പദ്ധതിയും ഇതിൽ ഉൾപ്പെടുന്നു.










