സ്മാർട്ട് മൊബിലിറ്റി, നിർമിതബുദ്ധി, ഡാറ്റാ കൈമാറ്റം എന്നിവയിലൂടെ ദുബായ്-അബുദാബി ഗതാഗത സംവിധാനങ്ങളെ ഏകോപിപ്പിക്കുകയാണ് കരാറിന്റെ ലക്ഷ്യം.
ദുബായ്, യുഎഇ — സ്മാർട്ട് മൊബിലിറ്റി, സുസ്ഥിര ഗതാഗത സംവിധാനങ്ങൾ എന്നിവയിൽ പരസ്പര സഹകരണം വർധിപ്പിക്കുന്നതിനായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയും (ആർടിഎ) അബുദാബി മുനിസിപ്പാലിറ്റി-ഗതാഗത വകുപ്പിന് കീഴിലുള്ള ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്ററും (അബുദാബി മൊബിലിറ്റി) ധാരണാപത്രം ഒപ്പുവച്ചു. യുഎഇയിലുടനീളമുള്ള ഗതാഗത ശൃംഖലകളെ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
തന്ത്രപരമായ ഗതാഗത ആസൂത്രണം, ഡിജിറ്റൽ സേവനങ്ങളുടെ വികസനം, ഗതാഗത നിയന്ത്രണത്തിൽ ബിഗ് ഡാറ്റയുടെയും നിർമിതബുദ്ധിയുടെയും (എഐ) ഉപയോഗം എന്നീ മേഖലകളിൽ ഇരുസ്ഥാപനങ്ങളും ഒന്നിച്ച് പ്രവർത്തിക്കും. സാങ്കേതിക വൈദഗ്ധ്യവും പഠനങ്ങളും മികച്ച പ്രവർത്തന മാതൃകകളും പരസ്പരം കൈമാറാനും കരാർ വ്യവസ്ഥ ചെയ്യുന്നു.
ദുബായിലെ ആർടിഎ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ആർടിഎ ലൈസൻസിങ് ഏജൻസി സിഇഒ അഹമ്മദ് മഹബൂബ്, ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ ലൈസൻസിങ് ആൻഡ് ഇൻസ്‌പെക്ഷൻ സെക്ടർ ആക്ടിങ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഖാലിദ് അൽ മുഖൈമി എന്നിവരാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്. ഇരുവിഭാഗത്തിലെയും മുതിർന്ന ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു.
യുഎഇയിലെ ഗതാഗത അതോറിറ്റികൾ തമ്മിലുള്ള ശക്തമായ ഏകോപനത്തെയാണ് ഈ കരാർ പ്രതിഫലിപ്പിക്കുന്നതെന്ന് അഹമ്മദ് മഹബൂബ് പറഞ്ഞു. ഇരുസ്ഥാപനങ്ങളുടെയും വൈദഗ്ധ്യം പ്രയോജനപ്പെടുത്തി നൂതന സാങ്കേതികവിദ്യകൾ നടപ്പിലാക്കാനും ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താനുമുള്ള സംയുക്ത പദ്ധതികൾക്ക് ഇതോടെ തുടക്കമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
അബുദാബിക്കും ദുബായിക്കും ഇടയിലുള്ള ലൈസൻസിങ്, പരിശോധനാ സംവിധാനങ്ങൾ ഏകോപിപ്പിക്കുന്നത് കരാറിന്റെ പ്രധാന ഭാഗമാണ്. ഡാറ്റാ കൈമാറ്റത്തിലൂടെയും നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിലൂടെയും ഇരു എമിറേറ്റുകൾക്കുമിടയിൽ ടാക്സികൾ, ബസുകൾ, ചരക്കുവാഹനങ്ങൾ എന്നിവയുടെ സഞ്ചാരം കൂടുതൽ സുഗമമാക്കാൻ സാധിക്കും.
അബുദാബിയിലെയും ദുബായിലെയും ഗതാഗത സംവിധാനങ്ങളെ കൂടുതൽ അടുപ്പിക്കുന്ന സുപ്രധാന ചുവടുവയ്പാണിതെന്ന് ഖാലിദ് അൽ മുഖൈമി അഭിപ്രായപ്പെട്ടു. പ്രവർത്തന-പരിശോധനാ സംവിധാനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കാനും യാത്രക്കാർക്ക് മികച്ച സേവനം ഉറപ്പാക്കാനും ഈ സഹകരണം വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.










