നിർമ്മിത ബുദ്ധിയുടെ കാലത്തും സത്യസന്ധതയും വസ്തുതാ പരിശോധനയും വിട്ടുവീഴ്ചയില്ലാതെ കാത്തുസൂക്ഷിക്കണമെന്ന് എൻ.എം.എ ചെയർമാൻ അബ്ദുല്ല അൽ ഹാമിദ്.
ദുബായ്, ഒക്ടോബർ 3, 2026 : യുഎഇയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിലേക്ക് (ജിഡിപി) മാധ്യമ മേഖലയിൽ നിന്നുള്ള സംഭാവന 2031-ഓടെ 2,720 കോടി ദിർഹമായി (AED 27.2 billion) ഉയരുമെന്ന് യുഎഇ ദേശീയ മാധ്യമ അതോറിറ്റി (എൻ.എം.എ) ചെയർമാൻ അബ്ദുല്ല ബിൻ മുഹമ്മദ് ബിൻ ബുത്തി അൽ ഹാമിദ് വ്യക്തമാക്കി.

അറബ് യൂത്ത് സെന്റർ ദുബായിൽ സംഘടിപ്പിച്ച എട്ടാമത് ‘യങ് അറബ് മീഡിയ ലീഡേഴ്‌സ്’ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവതലമുറയിലെ സർഗാത്മകതയും സാങ്കേതിക നൈപുണ്യവും പ്രയോജനപ്പെടുത്തി വ്യാജവാർത്തകളെ പ്രതിരോധിക്കുന്നതിനായി ‘സ്മാർട്ട് മീഡിയ ഏജന്റ്സ് ചലഞ്ചി’നും അദ്ദേഹം തുടക്കം കുറിച്ചു.
2025-ൽ 1,880 കോടി ദിർഹമായിരുന്ന രാജ്യത്തെ മാധ്യമ മേഖലയുടെ സാമ്പത്തിക മൂല്യം 2031-ൽ എത്തുമ്പോഴേക്കും വലിയ വളർച്ച രേഖപ്പെടുത്തുമെന്നാണ് കണക്കുകൾ. മേഖലയിലൂടെ 2,09,500-ലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. ഇതിൽ ഗെയിമിങ്, ഇന്ററാക്ടീവ് കണ്ടന്റ് എന്നീ വിഭാഗങ്ങൾ 12.1 ശതമാനം വാർഷിക വളർച്ചയോടെ 340 കോടി ദിർഹത്തിന്റെ പങ്കാളിത്തം ഉറപ്പാക്കിക്കഴിഞ്ഞു.
യുവാക്കൾക്കായുള്ള സഹമന്ത്രിയും അറബ് യൂത്ത് സെന്റർ വൈസ് ചെയർമാനുമായ ഡോ. സുൽത്താൻ ബിൻ സെയ്ഫ് അൽ നെയാദിയുടെ സാന്നിധ്യത്തിലായിരുന്നു പ്രത്യേക സെഷൻ. “ബിഹൈൻഡ് ദി സീൻസ്: ഹൗ മീഡിയ സിസ്റ്റംസ് ആർ ബിൽറ്റ് ഫ്രം സ്ക്രാച്ച്” എന്ന വിഷയത്തിൽ സംസാരിക്കവെ, ആധുനിക മാധ്യമ ലോകത്ത് വായനക്കാരുടെ വിശ്വാസ്യതയാണ് ഏറ്റവും വലിയ ആസ്തിയെന്ന് അൽ ഹാമിദ് ഓർമ്മിപ്പിച്ചു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ വാർത്തകൾ അതിവേഗം സൃഷ്ടിക്കാനും പ്രചരിപ്പിക്കാനും സഹായിക്കുമെങ്കിലും, അവയുണ്ടാക്കുന്ന പ്രത്യാഘാതങ്ങളുടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുക്കാൻ യന്ത്രങ്ങൾക്ക് സാധിക്കില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അൽഗോരിതങ്ങളുടെ പ്രചാരണ വേഗത്തെക്കാൾ മാനുഷിക വിവേചന ബുദ്ധിയും ആധികാരികതയുമാണ് മാധ്യമരംഗത്ത് നിർണായകമെന്ന് അദ്ദേഹം പറഞ്ഞു.
സമൂഹമാധ്യമങ്ങളിൽ വ്യാജവാർത്തകൾ തടയുന്നതിന് നിഷ്ക്രിയമായിരിക്കാതെ, തെറ്റായ ഉള്ളടക്കങ്ങൾ കൃത്യമായ തെളിവുകൾ സഹിതം പ്ലാറ്റ്‌ഫോമുകളിൽ റിപ്പോർട്ട് ചെയ്യാൻ മാധ്യമപ്രവർത്തകർ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തെറ്റായ വിവരങ്ങൾ വീണ്ടും പങ്കുവെക്കുന്നത് അവയ്ക്ക് തെറ്റായ പ്രചാരം നൽകാൻ മാത്രമേ ഇടയാക്കൂ.
അറബ് യുവതയുടെ നേതൃത്വത്തിൽ മാധ്യമ മേഖലയിലെ വെല്ലുവിളികൾക്ക് എഐ അധിഷ്ഠിത പരിഹാരങ്ങൾ കണ്ടെത്താനാണ് ‘സ്മാർട്ട് മീഡിയ ഏജന്റ്സ് ചലഞ്ച്’ ലക്ഷ്യമിടുന്നത്. ഏറ്റവും മികച്ച മൂന്ന് പ്രോജക്ടുകൾക്ക് പ്രായോഗിക തലത്തിൽ നടപ്പിലാക്കാനുള്ള സാമ്പത്തിക-സാങ്കേതിക സഹായങ്ങൾ നൽകും.
18 അറബ് രാജ്യങ്ങളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 50 പ്രതിഭകളാണ് സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 15 വരെ നീളുന്ന ഈ പരിശീലന ക്യാമ്പിൽ പങ്കെടുക്കുന്നത്. മാധ്യമ രംഗത്തെ നൈതികതയും സ്വന്തം നാടിന്റെ സംസ്കാരവും ഉയർത്തിപ്പിടിച്ച് ആഗോളതലത്തിൽ അറബ് മാധ്യമ രംഗത്തെ അടയാളപ്പെടുത്താൻ യുവതലമുറ തയ്യാറാകണമെന്ന ആഹ്വാനത്തോടെയാണ് സെഷൻ സമാപിച്ചത്.










