18 വയസ്സിന് മുകളിലുള്ളവർക്ക് ഒക്ടോബർ 25 വരെ അപേക്ഷിക്കാം; പുസ്തകോത്സവം നവംബർ 4 മുതൽ 15 വരെ എക്സ്പോ സെന്ററിൽ
ഷാർജ, ഒക്ടോബർ 6, 2026 : നവംബറിൽ ആരംഭിക്കുന്ന 45-ാമത് ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൽ (SIBF 2026) സന്നദ്ധസേവനം നടത്താൻ താൽപ്പര്യമുള്ളവർക്കായി ഷാർജ ബുക്ക് അതോറിറ്റി രജിസ്ട്രേഷൻ ആരംഭിച്ചു.
ഷാർജ, ഒക്ടോബർ 6, 2026 — നവംബറിൽ ആരംഭിക്കുന്ന 45-ാമത് ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൽ (SIBF 2026) സന്നദ്ധസേവനം നടത്താൻ താൽപ്പര്യമുള്ളവർക്കായി ഷാർജ ബുക്ക് അതോറിറ്റി രജിസ്ട്രേഷൻ ആരംഭിച്ചു. ഷാർജ വൊളന്റിയർ സെന്ററുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ആകെ 300 വളന്റിയർമാർക്കാണ് ഇത്തവണ അവസരം.
നവംബർ 4 മുതൽ 15 വരെ ഷാർജ എക്സ്പോ സെന്ററിലാണ് പുസ്തകോത്സവം നടക്കുന്നത്. സന്ദർശകരെ സഹായിക്കൽ, പരിപാടികളുടെ ഏകോപനം, പവിലിയൻ നിയന്ത്രണം തുടങ്ങിയ ചുമതലകളാണ് വളന്റിയർമാർക്ക് നൽകുക.



18 വയസോ അതിൽ കൂടുതലോ പ്രായമുള്ള യുഎഇ നിവാസികൾക്ക് അപേക്ഷിക്കാം. ഒക്ടോബർ 25 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. ഷാർജ വൊളന്റിയർ സെന്ററിന്റെ ഔദ്യോഗിക പോർട്ടൽ (sssd-volunteer.shj.ae) മുഖേനയാണ് അപേക്ഷകൾ നൽകേണ്ടത്.
തിരഞ്ഞെടുക്കപ്പെടുന്നവർ രണ്ട് ഷിഫ്റ്റുകളിലായാണ് സേവനമനുഷ്ഠിക്കേണ്ടത്:
- രാവിലത്തെ ഷിഫ്റ്റ്: രാവിലെ 9:00 മുതൽ ഉച്ചകഴിഞ്ഞ് 3:00 വരെ
- വൈകുന്നേരത്തെ ഷിഫ്റ്റ്: ഉച്ചകഴിഞ്ഞ് 3:00 മുതൽ രാത്രി 10:00 വരെ
പങ്കെടുക്കുന്നവരുടെ പ്രവർത്തന സമയം ഷാർജ വൊളന്റിയർ സെന്റർ പ്ലാറ്റ്ഫോം വഴി കൃത്യമായി രേഖപ്പെടുത്തുകയും ഔദ്യോഗിക വളന്റിയർ സർട്ടിഫിക്കറ്റ് ലഭ്യമാക്കുകയും ചെയ്യും. രാജ്യാന്തര തലത്തിലുള്ള വൻകിട സാംസ്കാരിക മേളയുടെ സംഘാടനത്തിൽ നേരിട്ട് പങ്കാളികളാകാനും അനുഭവപരിചയം നേടാനും ഈ അവസരം പ്രയോജനപ്പെടും.










