നാദാപുരം നാട്ടൊരുമ സംഘടിപ്പിക്കുന്ന സൗഹൃദ സംഗമവും കുടുംബമേളയും ഖിസൈസ് ഹാംപ്ടൺ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും
ദുബായ്, ഒക്ടോബർ 9 : നാദാപുരം മണ്ഡലം എംഎൽഎ കെ.എം. അഭിജിത്തിന് യുഎഇയിലെ പ്രവാസി കൂട്ടായ്മയായ ‘നാദാപുരം നാട്ടൊരുമ’ ദുബായിൽ പൗരസ്വീകരണം ഒരുക്കുന്നു. ശനിയാഴ്ച (ഒക്ടോബർ 10) വൈകുന്നേരം ആറുമണിക്ക് ദുബായ് ഖിസൈസിലുള്ള ഹാംപ്ടൺ ഇന്റർനാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിലാണ് ‘ഹൃദയാരവം-2026’ എന്ന പേരിൽ പരിപാടി സംഘടിപ്പിക്കുന്നത്.
യുഎഇയുടെ വിവിധ എമിറേറ്റുകളിൽ നിന്നുള്ള നാദാപുരം നിവാസികളും കുടുംബങ്ങളും സംഗമത്തിൽ പങ്കെടുക്കും. കക്ഷിരാഷ്ട്രീയ ഭേദമന്യേ നാടിന്റെ വികസനവും പ്രവാസികളുടെ പ്രശ്നങ്ങളും ചർച്ച ചെയ്യപ്പെടുന്ന തുറന്ന വേദിയായിരിക്കും ഇതെന്ന് സംഘാടക സമിതി ഭാരവാഹികൾ വ്യക്തമാക്കി.
സ്വീകരണ ചടങ്ങിനൊപ്പം പ്രവാസി കുടുംബസംഗമം, ഗാനമേള, വടക്കേ മലബാറിന്റെ തനതു കലാരൂപങ്ങൾ എന്നിവയും വേദിയിൽ അരങ്ങേറും. മണ്ഡലത്തിലെ പൊതുവികസനം, ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലെ അടിസ്ഥാന സൗകര്യ വികസനം, പ്രവാസി പുനരധിവാസം എന്നിവയുമായി ബന്ധപ്പെട്ട ആവശ്യങ്ങളും നിർദേശങ്ങളും ചടങ്ങിൽ എംഎൽഎയുടെ മുൻപാകെ സമർപ്പിക്കും. പ്രവാസലോകത്തെ അനുഭവങ്ങളും നാടിന്റെ ഭാവി വികസന കാഴ്ചപ്പാടുകളും പരസ്പരം പങ്കുവെക്കാനുള്ള ആശയവിനിമയ വേദി കൂടിയായിരിക്കും ഈ ഒത്തുചേരൽ.






