യുഎഇയുടെ 55-ാമത് ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന മേളയിൽ 30-ലധികം രാജ്യങ്ങളിൽ നിന്നുള്ള 1,500-ലധികം വിദ്യാർഥികൾ മാറ്റുരയ്ക്കും
ദുബൈ, യുഎഇ — മോഡൽ സർവീസ് സൊസൈറ്റി (എംഎസ്എസ്) സംഘടിപ്പിക്കുന്ന എട്ടാമത് ജലീൽ ഹോൾഡിങ് എംഎസ്എസ് യൂത്ത് ഫെസ്റ്റിവൽ 2026 ഡിസംബർ രണ്ട് ബുധനാഴ്ച ദുബൈ മുഹൈസ്ന ന്യൂ ഡോൺ പ്രൈവറ്റ് സ്കൂളിൽ നടക്കും. യുഎഇയുടെ 55-ാമത് ഈദ് അൽ ഇത്തിഹാദ് ദേശീയാഘോഷങ്ങളുടെ ഭാഗമായാണ് അന്താരാഷ്ട്ര യുവജന സംഗമം ഒരുക്കുന്നത്.
യുഎഇയിലെ വിവിധ എമിറേറ്റുകളിലെ 60-ലധികം സ്കൂളുകളിൽ നിന്നായി 30-ലധികം ദേശീയതകളിൽപ്പെട്ട 1,500-ലധികം വിദ്യാർഥികൾ മത്സരങ്ങളിൽ പങ്കെടുക്കും. 300-ലധികം സന്നദ്ധപ്രവർത്തകരുടെ സേവനവും 3,000-ത്തിലധികം കാണികളുടെ പങ്കാളിത്തവും മേളയിലുണ്ടാകും. ഡിസംബർ രണ്ടിന് രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെയാണ് മത്സരങ്ങൾ. വൈകുന്നേരം ആറ് മുതൽ എട്ട് വരെയാണ് സമാപന-പുരസ്കാരദാന ചടങ്ങ്.
കേരള സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ മാതൃകയിൽ പബ്ലിക് സ്പീക്കിങ്, സ്റ്റോറിടെല്ലിങ്, ഫോക്ക് ഡാൻസ്, സ്കിറ്റ്, ടാലന്റ് ഷോ, ഖുർആൻ പാരായണം, ഫാൻസി ഡ്രസ്, പെൻസിൽ ഡ്രോയിങ്, കളറിങ്, അറബിക് കാലിഗ്രഫി, ടാബ്ലോ, മൈം തുടങ്ങിയ വൈവിധ്യമാർന്ന ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുക. മികച്ച പ്രകടനം കാഴ്ചവെക്കുന്നവർക്കായി ബെസ്റ്റ് പെർഫോമർ ബോയ്, ബെസ്റ്റ് പെർഫോമർ ഗേൾ, ഓവറോൾ ചാമ്പ്യൻഷിപ്പ് ട്രോഫി എന്നീ പുരസ്കാരങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
ഇന്റർ സ്കൂൾ ക്വിസ് മത്സരമായ ‘ചാമ്പ്യൻസ് ട്രോഫി’, ഭിന്നശേഷിക്കാരായ കുട്ടികൾക്ക് കല, പെയിന്റിങ്, ക്രിയേറ്റീവ് ക്രാഫ്റ്റ്, സ്റ്റോറിടെല്ലിങ് എന്നിവയിൽ കഴിവുകൾ പ്രകടിപ്പിക്കാനുള്ള പ്രത്യേക വേദി എന്നിവയും എട്ടാം സീസണിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
ദുബൈ ഗവൺമെന്റിന്റെ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റിയുടെ (സിഡിഎ) ലൈസൻസോടെ മൂന്ന് പതിറ്റാണ്ടായി യുഎഇയിൽ പ്രവർത്തിക്കുന്ന എംഎസ്എസിന് 2025-ൽ ദുബൈ സർക്കാരിന്റെ ഇത്ര ഗോൾഡൻ അവാർഡ് ലഭിച്ചിരുന്നു. ദുബൈയിൽ നടന്ന വാർത്താസമ്മേളനത്തിൽ എംഎസ്എസ് ചെയർമാൻ ഫൈയാസ്, യൂത്ത് ഫെസ്റ്റിവൽ ഡയറക്ടർ നസീർ അബൂബക്കർ, പ്രോഗ്രാം ചീഫ് ഡയറക്ടർ ഷജിൽ ഷൗക്കത്ത്, പ്രോഗ്രാം ഡയറക്ടർ മുഹമ്മദ് ഇജാസ്, ഫിനാൻസ് ഡയറക്ടർ അബ്ദുൾ മുത്തലീഫ്, മീഡിയ മാനേജർ മുഹമ്മദ് ഷാഫി എന്നിവർ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്ക്: youthfestival.mssgulf.org, ഫോൺ: +971 54 735 2524.










