ദുബായ്: നീന്തലിലും സൈക്ലിങ്ങിലും ഓട്ടത്തിലും മികവ് തെളിയിച്ച് ദുബായ് പൊലീസ് ട്രയാത്ലണിൽ മികച്ച നേട്ടവുമായി ജി.ഡി.ആർ.എഫ്.എ ദുബായ് ടീം. വനിതകളുടെ സ്പ്രിന്റ് മത്സരത്തിൽ മൂന്ന് പ്രായവിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നേടിയതിനൊപ്പം മൊത്തത്തിലുള്ള ഒന്നാം സ്ഥാനവും ടീം സ്വന്തമാക്കി. പുരുഷന്മാരുടെ ഒളിമ്പിക് ഡിസ്റ്റൻസ് റിലേയിൽ രണ്ടാം സ്ഥാനവും നേടി. മികച്ച പ്രകടനം കാഴ്ചവെച്ച ടീമംഗങ്ങളെ ജി.ഡി.ആർ.എഫ്.എ ദുബായ് ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി അഭിനന്ദിച്ചു.
കരുത്തും വേഗവും സഹനശേഷിയും ഒരുപോലെ പരീക്ഷിക്കുന്ന കായികമത്സരമാണ് ട്രയാത്ലൺ. നീന്തൽ, സൈക്ലിങ്, ഓട്ടം എന്നിവ നിശ്ചിത ക്രമത്തിൽ തുടർച്ചയായി പൂർത്തിയാക്കണം. വ്യക്തിഗത മത്സരത്തിൽ ഒരേ താരംതന്നെയാണ് മൂന്ന് ഘട്ടങ്ങളും പിന്നിടുന്നത്. ഓരോ ഇനത്തിലെയും പ്രകടനത്തിനൊപ്പം അടുത്ത ഘട്ടത്തിലേക്കു മാറാനെടുക്കുന്ന സമയവും അന്തിമ ഫലത്തിൽ നിർണായകമാണ്. കുറഞ്ഞ ദൂരത്തിലുള്ള മത്സരമാണ് സ്പ്രിന്റ് വിഭാഗം. ഇതിനെക്കാൾ കൂടുതൽ ദൂരം പിന്നിടേണ്ടതാണ് ഒളിമ്പിക് ഡിസ്റ്റൻസ് വിഭാഗം. റിലേയിൽ ടീമംഗങ്ങൾ വിവിധ ഘട്ടങ്ങൾ പങ്കിട്ടു പൂർത്തിയാക്കുന്നു.
വനിതകളുടെ സ്പ്രിന്റ് മത്സരത്തിൽ ഇരട്ട നേട്ടവുമായി പോളിന ശ്രദ്ധേയയായി. 18–29 വയസ്സുകാരുടെ വിഭാഗത്തിൽ ഒന്നാമതെത്തിയ പോളിന, വനിതകളുടെ മൊത്തത്തിലുള്ള റാങ്കിങ്ങിലും ഒന്നാം സ്ഥാനം നേടി. 30–34 വയസ്സുകാരുടെ വിഭാഗത്തിൽ എയ്ർനും , 35–39 വയസ്സുകാരുടെ വിഭാഗത്തിൽ റേച്ചലും ഒന്നാമതെത്തി.
പുരുഷന്മാരുടെ ഒളിമ്പിക് ഡിസ്റ്റൻസ് റിലേയിൽ ആമിർ അൽ ബഹ്രി, കിറിൽ മെർൽ,ഖലീഫ അൽ നുഐമി എന്നിവർ ഉൾപ്പെട്ട ടീമാണ് രണ്ടാം സ്ഥാനം സ്വന്തമാക്കിയത്. വ്യക്തിഗത മികവിനൊപ്പം പരസ്പര ഏകോപനവും നിർണായകമായ റിലേയിലെ നേട്ടം ജി.ഡി.ആർ.എഫ്.എ ടീമിന്റെ വിജയത്തിന് മാറ്റുകൂട്ടി.










