യാച്ച് ജീവനക്കാർക്കായി 5,693 മൾട്ടിപ്പിൾ എൻട്രി വിസകളും അനുവദിച്ചതായി ജിഡിആർഎഫ്എ ദുബായ്
ദുബായ്, യുഎഇ — ദുബായിലെത്തുകയും ഇവിടെനിന്ന് പുറപ്പെടുകയും ചെയ്ത യാച്ചുകളുടെ 1,972 വരവുകളിലും പുറപ്പെടലുകളിലും ‘മൊബൈൽ മറീന’ സേവനം വഴി ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കിയതായി ജിഡിആർഎഫ്എ ദുബായ് അറിയിച്ചു. 2024 ഒക്ടോബർ 10-ന് സേവനം ഔദ്യോഗികമായി ആരംഭിച്ചതുമുതൽ 2026 നവംബർ 25 വരെയുള്ള കണക്കാണിത്. ഇതിൽ 1,023 വരവുകളും 949 പുറപ്പെടലുകളും ഉൾപ്പെടുന്നു.


ദുബായ് ഹാർബറിൽ നടക്കുന്ന 32-ാമത് ദുബായ് രാജ്യാന്തര ബോട്ട് ഷോയിലാണ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) കണക്കുകൾ പുറത്തുവിട്ടത്. യാച്ച് ജീവനക്കാർക്കായി 2026 നവംബർ 25 വരെ 5,693 മൾട്ടിപ്പിൾ എൻട്രി വിസകൾ അനുവദിച്ചതായും അധികൃതർ വ്യക്തമാക്കി.

യാച്ചുകൾ ഉൾപ്പെടെയുള്ള വിനോദ ബോട്ടുകൾ അടുപ്പിക്കുന്ന മറീനകളിലേക്ക് ജിഡിആർഎഫ്എ ഉദ്യോഗസ്ഥർ നേരിട്ടെത്തി പ്രവേശന-പുറപ്പെടൽ നടപടികൾ പൂർത്തിയാക്കുന്ന സംവിധാനമാണ് ‘മൊബൈൽ മറീന’. സമുദ്ര വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനും യാത്രാനടപടികൾ ലളിതമാക്കാനുമാണ് ഇത് നടപ്പാക്കിയത്. 2023-ന്റെ തുടക്കത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചതുമുതൽ 2026 നവംബർ 25 വരെ 1,854 വരവുകളും 1,758 പുറപ്പെടലുകളുമടക്കം ആകെ 3,612 യാത്രാനടപടികൾ ഇതുവഴി പൂർത്തിയാക്കിയിട്ടുണ്ട്.
തുടർച്ചയായ കടൽയാത്രകളിൽ ഒരേ വിസ ഉപയോഗിച്ച് ഒന്നിലധികം തവണ ദുബായിൽ പ്രവേശിക്കാൻ ജീവനക്കാരെ അനുവദിക്കുന്നതാണ് മൾട്ടിപ്പിൾ എൻട്രി വിസ. 2025 ഫെബ്രുവരിയിലെ ദുബായ് രാജ്യാന്തര ബോട്ട് ഷോയിലാണ് ഈ പദ്ധതി പ്രഖ്യാപിച്ചത്. ഓരോ യാത്രയ്ക്കും പുതിയ വിസയ്ക്ക് അപേക്ഷിക്കാതെ തന്നെ ജീവനക്കാർക്ക് ദുബായിലേക്ക് മടങ്ങിയെത്താൻ ഇതിലൂടെ സാധിക്കുന്നു.


യാച്ചുകൾക്കും ജീവനക്കാർക്കുമുള്ള സേവനങ്ങൾ വിപുലീകരിക്കുന്നത് ആഗോള സമുദ്ര വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ ദുബായിയുടെ മത്സരക്ഷമത വർധിപ്പിക്കുമെന്ന് ജിഡിആർഎഫ്എ ദുബായ് മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി പറഞ്ഞു. ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്ക് മുൻഗണന നൽകി യാത്രാനുഭവം മെച്ചപ്പെടുത്താനുള്ള വകുപ്പിന്റെ പ്രതിബദ്ധതയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യാച്ചുകൾ നിർത്തിയിടുന്ന സ്ഥലത്തുതന്നെ ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാൻ മൊബൈൽ മറീന സഹായിക്കുമ്പോൾ, മൾട്ടിപ്പിൾ എൻട്രി വിസ ജീവനക്കാരുടെ തുടർയാത്രകൾ സുഗമമാക്കുന്നതായി കടൽ, കര അതിർത്തി കവാടങ്ങളുടെ ചുമതലയുള്ള അസിസ്റ്റന്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ സാലിഹ് അഹ്മദ് അൽ ഖംസി പറഞ്ഞു.
നവംബർ 25 മുതൽ 29 വരെ നടക്കുന്ന ബോട്ട് ഷോയിലെ ജിഡിആർഎഫ്എ സ്റ്റാളിൽ യാച്ച് ഉടമകൾക്കുള്ള എസ്റ്റാബ്ലിഷ്മെന്റ് കാർഡ്, പ്രവേശന-താമസ പെർമിറ്റുകൾ എന്നിവ പരിചയപ്പെടുത്തുന്നുണ്ട്. ഗോൾഡൻ റെസിഡൻസി, ഹാപ്പിനസ് കാർഡ് ആനുകൂല്യങ്ങൾ, ദുബായ് വിമാനത്താവളങ്ങളിലെ ‘റെഡ് കാർപെറ്റ്’ യാത്രാനുഭവം എന്നിവയും പ്രദർശനത്തിലുണ്ട്. സന്ദർശകർക്ക് ഡിജിറ്റൽ സേവന വിഭാഗത്തിന്റെ സാങ്കേതിക സഹായവും ‘04 പ്ലാറ്റ്ഫോം’ വഴി അഭിപ്രായങ്ങൾ രേഖപ്പെടുത്താനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.










