ഹോളിവുഡ് ആനിമേഷൻ വിദഗ്ധരും പ്രമുഖ പ്രസാധകരും പങ്കെടുക്കുന്ന മേള ഒക്ടോബർ 25 വരെ; ബിസിനസ് മീറ്റുകളും ഇ-സ്പോർട്സ് ടൂർണമെന്റുകളും പ്രധാന ആകർഷണം.
ഷാർജ, 21 ഒക്ടോബർ 2026 : ആഗോള ആനിമേഷൻ, കോമിക്സ്, ഗെയിമിങ് രംഗത്തെ പ്രമുഖരെ അണിനിരത്തി നാലാമത് ഷാർജ ആനിമേഷൻ ആൻഡ് കോമിക്സ് കോൺഫറൻസിന് (SACC 2026) വ്യാഴാഴ്ച അൽ ജാദയിൽ തുടക്കമാകും. നാല് ദിവസങ്ങളിലായി നടക്കുന്ന മേളയിൽ മുപ്പതിലധികം രാജ്യങ്ങളിൽ നിന്നുള്ള എഴുപത്തഞ്ചിലേറെ പ്രതിഭകൾ പങ്കെടുക്കും.
ഷാർജ ബുക്ക് അതോറിറ്റി (SBA) സംഘടിപ്പിക്കുന്ന കോൺഫറൻസ് ഒക്ടോബർ 25 ഞായറാഴ്ച വരെ നീണ്ടുനിൽക്കും. ആനിമേഷൻ, ഗ്രാഫിക് നോവൽ, ഗെയിമിങ് വിപണികളെ ഒരൊറ്റ വേദിയിൽ സംയോജിപ്പിക്കുന്ന മേളയിൽ 150-ലധികം അനുബന്ധ പരിപാടികളാണ് തയ്യാറാക്കിയിട്ടുള്ളത്. 55-ലധികം ശിൽപശാലകളും മാസ്റ്റർക്ലാസുകളും, 40-ലേറെ പാനൽ ചർച്ചകളും, 10 ചലച്ചിത്ര പ്രദർശനങ്ങളും, മൂന്ന് ഓർക്കസ്ട്ര സംഗീത പരിപാടികളും ഇതിൽ ഉൾപ്പെടുന്നു.
ടോയ് സ്റ്റോറി, മോൺസ്റ്റേഴ്സ് ഇൻക്, ദി ഇൻക്രെഡിബിൾസ് തുടങ്ങിയ വിഖ്യാത ഹോളിവുഡ് ചിത്രങ്ങളുടെ പിന്നണിയിൽ പ്രവർത്തിച്ച പ്രമുഖ ആനിമേറ്റർമാരും സാങ്കേതിക വിദഗ്ധരും ഇത്തവണ ഷാർജയിലെത്തുന്നുണ്ട്. കഥാപാത്രങ്ങളുടെ രൂപകൽപ്പന, സ്റ്റോറിബോർഡിങ്, 3D ആനിമേഷൻ, സ്റ്റോപ്പ്-മോഷൻ, മോഷൻ ക്യാപ്ചർ, ഡബ്ബിങ് തുടങ്ങിയ നിർമ്മാണഘട്ടങ്ങൾ ഇവർ നേരിട്ട് വിശദീകരിക്കും.
ആനിമേഷൻ, കോമിക്സ് എന്നിങ്ങനെ രണ്ട് പ്രത്യേക വിഭാഗങ്ങളായാണ് പരിശീലന സെഷനുകൾ ക്രമീകരിച്ചിരിക്കുന്നത്. കോമിക് രചന, ചിത്രീകരണം, കാരക്ടർ ഡിസൈൻ എന്നിവയിൽ തുടക്കക്കാർക്കും പ്രൊഫഷണലുകൾക്കും ആവശ്യമായ പ്രായോഗിക പരിശീലനം ശിൽപശാലകളിൽ ലഭിക്കും. ഇതിനുപുറമെ ആനിമേഷൻ ചിത്രങ്ങൾക്കായി പശ്ചാത്തല സംഗീതം ഒരുക്കുന്നതിന്റെ സാങ്കേതിക വശങ്ങൾ വിശദീകരിക്കുന്ന സെഷനുകളും, പ്രശസ്തമായ ആനിമേഷൻ-സിനിമാ ഗാനങ്ങൾ കോർത്തിണക്കിയ മൂന്ന് സിംഫണി ഓർക്കസ്ട്രകളും സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്.
സന്ദർശകർക്ക് പുതിയ അനുഭവങ്ങൾ നൽകുന്നതിനായി സംവേദനാത്മക ഇടങ്ങളും ഒരുക്കിയിട്ടുണ്ട്. ഡബ്ബിങ് കോർണറിൽ തിരഞ്ഞെടുക്കപ്പെട്ട ആനിമേഷൻ രംഗങ്ങൾക്ക് ശബ്ദം നൽകാൻ പൊതുജനങ്ങൾക്ക് അവസരമുണ്ട്. പ്രാദേശിക ചിത്രകാരന്മാരുടെ സൃഷ്ടികൾ പ്രദർശിപ്പിക്കുന്നതിനും വിൽക്കുന്നതിനുമായി ‘ആർട്ടിസ്റ്റ് അല്ലി’യും, അപൂർവ്വ കോമിക് പുസ്തകങ്ങളുടെ ശേഖരവുമായി ‘കോമിക് വാൾ’ പവലിയനും പ്രവർത്തിക്കും.
ഗെയിമിങ് മേഖലയ്ക്ക് വലിയ പ്രാധാന്യമാണ് ഇത്തവണ നൽകിയിട്ടുള്ളത്. വീഡിയോ ഗെയിമുകൾ, ബോർഡ് ഗെയിമുകൾ എന്നിവയ്ക്കൊപ്പം ഇഎ സ്പോർട്സ് എഫ്സി 27, ടെക്കൻ 8, സൂപ്പർ സ്മാഷ് ബ്രോസ് അൾട്ടിമേറ്റ് എന്നീ പ്രമുഖ ഗെയിമുകളിൽ മൂന്ന് ഔദ്യോഗിക ഇ-സ്പോർട്സ് ടൂർണമെന്റുകളും നടക്കും.
ക്രിയേറ്റീവ് രംഗത്തെ വാണിജ്യ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായി പ്രത്യേക ബിസിനസ്-ടു-ബിസിനസ് (B2B) പ്ലാറ്റ്ഫോമും മേളയിലുണ്ട്. അറബ് മേഖലയിലെ പുതിയ പ്രതിഭകൾക്ക് രാജ്യാന്തര പ്രൊഡക്ഷൻ ഹൗസുകളുമായും പ്രസാധകരുമായും ഒപ്പുവെക്കാനും, വിതരണാവകാശം നേടാനും, സംയുക്ത നിർമ്മാണ ചർച്ചകൾ നടത്താനും ഇതിലൂടെ സാധിക്കും. മേളയുടെ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി sharjahanimation.com സന്ദർശിക്കാവുന്നതാണ്.










