ദുബായുടെ ടൂറിസവും സമ്പദ്‌വ്യവസ്ഥയും ഡിജിറ്റൽ ലോകത്ത് അവതരിപ്പിക്കാൻ കണ്ടന്റ് ക്രിയേറ്റേഴ്സ് പ്രോഗ്രാം
ദുബായ്: ദുബായുടെ ടൂറിസം മേഖലയെയും സാമ്പത്തിക വൈവിധ്യത്തെയും ഡിജിറ്റൽ മാധ്യമങ്ങളിലൂടെ കൂടുതൽ ഫലപ്രദമായി ആഗോളതലത്തിൽ അവതരിപ്പിക്കുന്നതിനായി ദുബായ് പ്രസ് ക്ലബ്ബും ദുബായ് ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസവും സംയുക്തമായി ദുബായ് കണ്ടന്റ് ക്രിയേറ്റേഴ്സ് പ്രോഗ്രാം സംഘടിപ്പിച്ചു.
രണ്ടാഴ്ച നീണ്ടുനിന്ന പരിശീലന പരിപാടിയിൽ 40 മണിക്കൂർ പരിശീലനമാണ് പങ്കെടുത്തവർക്ക് നൽകിയത്. ക്രിയേറ്റീവ് റൈറ്റിങ്, വീഡിയോ ചിത്രീകരണം, എഡിറ്റിങ്, ഗ്രാഫിക് ഡിസൈൻ, ഡിജിറ്റൽ പബ്ലിഷിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ മേഖലകളിൽ പ്രായോഗിക പരിജ്ഞാനം നൽകുന്നതായിരുന്നു പരിപാടി.

ഡിജിറ്റൽ പ്രേക്ഷകരുമായി ഫലപ്രദമായി സംവദിക്കുന്നതിനുള്ള മാർഗങ്ങൾ, ഡാറ്റ അനലിറ്റിക്സ്, ഉത്തരവാദിത്തത്തോടെയുള്ള ടൂറിസം പ്രചാരണം തുടങ്ങിയ വിഷയങ്ങളിലും പരിശീലനം നൽകി. വിശ്വസനീയവും ആകർഷകവുമായ ഡിജിറ്റൽ ഉള്ളടക്കങ്ങൾ സൃഷ്ടിക്കാൻ കണ്ടന്റ് ക്രിയേറ്റർമാരെ പ്രാപ്തരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ദുബായുടെ സാമ്പത്തിക വൈവിധ്യം, സാംസ്‌കാരിക അനുഭവങ്ങൾ, ആഗോള ബിസിനസ് കേന്ദ്രമെന്ന നിലയിലുള്ള പ്രാധാന്യം, വിനോദസഞ്ചാര കേന്ദ്രമെന്ന ആകർഷണം, നിക്ഷേപ സാധ്യതകൾ എന്നിവ കൂടുതൽ വിപുലമായ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിന് ആവശ്യമായ വൈദഗ്ധ്യവും മേഖലയെക്കുറിച്ചുള്ള അറിവും ഈ പരിശീലനത്തിലൂടെ പങ്കാളികൾക്ക് ലഭിച്ചു.
ഡിജിറ്റൽ ഉള്ളടക്കങ്ങളുടെ സ്വാധീനം വർധിച്ചുവരുന്ന സാഹചര്യത്തിൽ, ഗുണമേന്മയുള്ളതും ഉത്തരവാദിത്തപരവുമായ കഥപറച്ചിലിലൂടെ ദുബായുടെ ആഗോള പ്രതിച്ഛായ ശക്തിപ്പെടുത്തുന്നതിന് ഇത്തരം പരിശീലന പരിപാടികൾ സഹായകരമാകും.










