ദുബായ്: ജീവനക്കാരുടെ ക്ഷേമം മെച്ചപ്പെടുത്തുന്നതിനുള്ള ‘ഹാപ്പിയസ്റ്റ് വർക്ക് എൻവയൺമെന്റ്’ പദ്ധതിക്ക് ജി.ഡി.ആർ.എഫ്.എ ദുബായിക്ക് പുരസ്കാരം. ഫ്യൂച്ചർ വർക്ക്പ്ലേസ് അവാർഡ്സ് 2026ലെ മികച്ച ജീവനക്കാരുടെ ക്ഷേമപരിപാടിക്കുള്ള അംഗീകാരമാണ് ലഭിച്ചത്.
വിവിധ മേഖലകളിൽനിന്ന് അവസാന പട്ടികയിലെത്തിയ ഏഴ് പദ്ധതികൾക്കിടയിലാണ് നേട്ടം. ഇത്തവണ 22 വിഭാഗങ്ങളിലായി ലഭിച്ച 450ലധികം അപേക്ഷകൾ ഇരുപതിലധികം വിദഗ്ധരടങ്ങിയ സമിതി വിലയിരുത്തി. ജീവനക്കാരുടെ ശാരീരിക, മാനസിക, വൈകാരിക, സാമ്പത്തിക ക്ഷേമവും തൊഴിൽസംതൃപ്തിയിലെ പുരോഗതിയുമാണ് ഈ വിഭാഗത്തിലെ പ്രധാന മാനദണ്ഡങ്ങൾ.
മനുഷ്യരിലുള്ള നിക്ഷേപത്തിന് പ്രാധാന്യം നൽകുന്ന യു.എ.ഇയുടെയും ദുബായിയുടെയും കാഴ്ചപ്പാടാണ് അംഗീകാരം പ്രതിഫലിപ്പിക്കുന്നതെന്ന് മാനവവിഭവശേഷി–ധനകാര്യ വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ അവദ് മുഹമ്മദ് അൽ അവൈം പറഞ്ഞു. ജീവനക്കാരുടെ പരിശ്രമങ്ങൾക്ക് അംഗീകാരവും വളർച്ചയ്ക്കുള്ള അവസരങ്ങളും നൽകുന്നത് സ്ഥാപനത്തോടുള്ള പ്രതിബദ്ധതയും പുതുമകൾ അവതരിപ്പിക്കാനുള്ള പ്രചോദനവും വർധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജീവനക്കാർ അഭിമാനത്തോടെ പ്രവർത്തിക്കുകയും സ്ഥാപനത്തിന്റെ വിജയത്തിൽ പങ്കാളികളാണെന്ന് അനുഭവപ്പെടുകയും ചെയ്യുന്ന തൊഴിലിടമാണ് ലക്ഷ്യം. മികച്ച തൊഴിൽാന്തരീക്ഷത്തിലൂടെ പൊതുജനങ്ങൾക്ക് ലഭിക്കുന്ന സർക്കാർ സേവനങ്ങളുടെ നിലവാരവും ഉയർത്തുകയാണ് പദ്ധതിയുടെ സമീപനം.










