ശൈഖ് സായിദിന്റെ മൂല്യങ്ങളും സേവനപാതയും വരുംതലമുറകളിലേക്ക് പകർന്നുനൽകാൻ ലക്ഷ്യമിട്ട് പ്രസിഡൻ്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ പ്രഖ്യാപനം.
അബുദാബി — ഒക്ടോബർ 28, 2026 : യുഎഇയുടെ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ്റെ നിസ്തുലമായ സംഭാവനകളെയും ഭരണനേതൃത്വത്തെയും അനുസ്മരിക്കുന്നതിനായി എല്ലാ വർഷവും ജനുവരി 7 ‘സായിദ് ദ ഫൗണ്ടർ ഡേ’ ആയി ആചരിക്കാൻ രാജ്യം തീരുമാനിച്ചു.
യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് രാജ്യത്തിൻ്റെ ചരിത്രത്തിലെ നിർണ്ണായകമായ ഈ പുതിയ ദേശീയ ദിന പ്രഖ്യാപനം നടത്തിയത്. ശൈഖ് സായിദ് ഉയർത്തിപ്പിടിച്ച ദർശനങ്ങളെയും സഹിഷ്ണുതാ മൂല്യങ്ങളെയും പ്രവൃത്തിപഥത്തിൽ എത്തിക്കുകയാണ് ഈ വാർഷിക ദിനാചരണത്തിന്റെ പ്രഥമ ലക്ഷ്യം.
“യുഎഇയുടെ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ എന്നും രാജ്യത്തെ ജനങ്ങളുടെ ഹൃദയങ്ങളിൽ ജീവിക്കുന്നു. എമിറേറ്റുകളുടെ ഐക്യം യാഥാർത്ഥ്യമാക്കാനും വികസനത്തിൻ്റെ അടിത്തറ പാകാനും അദ്ദേഹം നടത്തിയ പരിശ്രമങ്ങളും, കാരുണ്യവും മനുഷ്യസ്നേഹവും നിറഞ്ഞതായിരുന്നു അദ്ദേഹത്തിൻ്റെ ജീവിതം,” പ്രസിഡന്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ കുറിച്ചു. രാഷ്ട്രപിതാവിൻ്റെ സ്മരണ പുതുക്കാനും ആ മൂല്യങ്ങൾ വരുംതലമുറയിലേക്ക് പകർന്നുനൽകാനുമായി ജനുവരി 7 ഇനി മുതൽ ‘സായിദ് ദ ഫൗണ്ടർ ഡേ’ ആയി ആചരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘ദി ഫൗണ്ടേഴ്സ് ഓഫീസ്’ നേതൃത്വം നൽകുന്ന ഈ സംരംഭത്തിന്റെ ഔദ്യോഗിക പരിപാടികൾ അടുത്ത വർഷം മുതൽ പ്രാബല്യത്തിൽ വരും. ശൈഖ് സായിദിന്റെ പൈതൃകം, ആദർശങ്ങൾ എന്നിവ സംരക്ഷിക്കുന്നതിനായി പ്രവർത്തിക്കുന്ന ഈ വിഭാഗം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സാംസ്കാരിക സംഘടനകൾ, ഗവേഷണ കേന്ദ്രങ്ങൾ എന്നിവയെ ഏകോപിപ്പിച്ച് വിപുലമായ ജനകീയ പദ്ധതികൾക്ക് രൂപം നൽകും. ജനുവരി 7 നാണ് പ്രധാന ദിനാചരണമെങ്കിലും ഇതുമായി ബന്ധപ്പെട്ട സാമൂഹിക-വിദ്യാഭ്യാസ പ്രവർത്തനങ്ങൾ വർഷം മുഴുവൻ നീണ്ടുനിൽക്കും.
പുതുവർഷത്തിന്റെ തുടക്കത്തിൽ തന്നെ ഈ ദിനം നിശ്ചയിച്ചതിന് കൃത്യമായ ലക്ഷ്യമുണ്ട്. സ്കൂളുകളും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളും പുതിയ പ്രവർത്തനവർഷത്തിലേക്ക് കടക്കുന്ന വേളയിൽ തന്നെ ശൈഖ് സായിദിന്റെ ജീവിതമൂല്യങ്ങളെ ഓർമ്മപ്പെടുത്താനും, ആ നന്മകൾ വർഷം മുഴുവൻ പ്രവർത്തനങ്ങളിൽ പ്രതിഫലിപ്പിക്കാനും ഈ തീരുമാനം വഴിയൊരുക്കും.
സ്വദേശികൾക്കൊപ്പം യുഎഇയിലുള്ള എല്ലാ പ്രവാസി സമൂഹങ്ങൾക്കും പങ്കാളികളാകാൻ കഴിയുന്ന രീതിയിലാണ് പരിപാടികൾ വിഭാവനം ചെയ്തിരിക്കുന്നത്. വിവേചനങ്ങളില്ലാത്ത സമത്വം, പരസ്പര ബഹുമാനം, വിട്ടുവീഴ്ചാ മനോഭാവം എന്നിവയിലൂന്നിയുള്ള ലോകസമാധാനമായിരുന്നു ശൈഖ് സായിദ് എന്നും ആഗ്രഹിച്ചിരുന്നത്.
പ്രസിഡന്റിന്റെ പ്രഖ്യാപനത്തെ യുഎഇ ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ സ്വാഗതം ചെയ്തു. രാജ്യത്തിന്റെ അടിത്തറ രൂപപ്പെടുത്തിയ മഹത്തായ മൂല്യങ്ങളിൽ അഭിമാനം കൊള്ളാനുള്ള സന്ദർഭമാണിതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ശൈഖ് സായിദ് പകർന്നുതന്ന ആദർശങ്ങൾ നമ്മുടെ ഹൃദയങ്ങളിൽ സദാ നിലനിർത്തുകയും അത് പുതുതലമുറയിലേക്ക് പകരുകയും ചെയ്യുക എന്നതാണ് അദ്ദേഹത്തിന് നൽകാൻ കഴിയുന്ന ഏറ്റവും വലിയ ആദരവെന്നും ശൈഖ് മൻസൂർ ചൂണ്ടിക്കാട്ടി.










