ഒമാൻ തീരത്ത് 52 മണിക്കൂറിനിടെ നാല് ആക്രമണങ്ങൾ; തന്ത്രപ്രധാന സമുദ്രപാതയിൽ ചരക്കുകപ്പൽ ഗതാഗതം കുത്തനെ കുറഞ്ഞു
ദുബായ്, യുഎഇ — തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര ചരക്കുകപ്പലുകൾക്ക് നേരെ ഡ്രോൺ ആക്രമണങ്ങളും നിരീക്ഷണങ്ങളും ശക്തമായതായി യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (യുകെഎംടിഒ) മുന്നറിയിപ്പ് നൽകി. ജോയിന്റ് മാരിടൈം ഇൻഫർമേഷൻ സെന്റർ (ജെഎംഐസി) പുറത്തുവിട്ട 111-ാം നമ്പർ സുരക്ഷാ റിപ്പോർട്ടിലാണ് മേഖലയിലെ സംഘർഷാവസ്ഥ വ്യക്തമാക്കുന്നത്.
നവംബർ 5-ന് പുറത്തിറങ്ങിയ റിപ്പോർട്ട് പ്രകാരം, കഴിഞ്ഞ 96 മണിക്കൂറിനുള്ളിൽ ഹോർമുസ് കടലിടുക്കിൽ നാല് ആക്രമണങ്ങൾ സ്ഥിരീകരിച്ചു. തൊട്ടുമുമ്പത്തെ ഘട്ടത്തിൽ ഇത് മൂന്നായിരുന്നു. നവംബർ ഒന്നിനും മൂന്നിനും ഇടയിലുള്ള 52 മണിക്കൂറിനുള്ളിൽ ഒമാന്റെ മുസന്ദം തീരത്താണ് ഈ നാല് സംഭവങ്ങളും റിപ്പോർട്ട് ചെയ്തത്.
ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) ഡ്രോൺ നിരീക്ഷണങ്ങളും റേഡിയോ വഴിയുള്ള സന്ദേശങ്ങളും ഉപയോഗിച്ച് വാണിജ്യ കപ്പലുകളെ സമ്മർദ്ദത്തിലാക്കുന്നത് തുടരുകയാണ്. പ്രധാന വ്യാപാര ഇടനാഴികളിൽ സ്വാധീനം ഉറപ്പിക്കാനും ഭീഷണി നിലനിർത്താനുമുള്ള നീക്കമാണിതെന്ന് ജെഎംഐസി വിലയിരുത്തുന്നു.
അറേബ്യൻ ഗൾഫിലും ഡ്രോൺ നിരീക്ഷണങ്ങളും അക്രമശ്രമങ്ങളും വർധിച്ചിട്ടുണ്ട്. ഖത്തറിന് വടക്ക് സെൻട്രൽ ഗൾഫിൽ നടന്ന യുകെഎംടിഒ 196-26 സംഭവം ഉൾപ്പെടെ ഈ കാലയളവിൽ രണ്ട് ആക്രമണങ്ങളാണ് ഇവിടെ രേഖപ്പെടുത്തിയത്. ഒക്ടോബർ 7 മുതൽ ഇതുവരെ മേഖലയിൽ എട്ട് ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രതിസന്ധികൾക്കിടയിലും കപ്പലുകൾ സർവീസ് നടത്തുന്നുണ്ടെങ്കിലും നങ്കൂരമിടുന്ന സ്ഥലങ്ങളിൽ തിരക്ക് വർധിക്കുകയാണ്.
2025-ലെ കണക്കുകളെ അപേക്ഷിച്ച് ഹോർമുസ് വഴിയുള്ള ചരക്കുനീക്കത്തിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ദിവസേന വിരലിലെണ്ണാവുന്ന കപ്പലുകൾ മാത്രമാണ് ഇപ്പോൾ ഈ പാത ഉപയോഗിക്കുന്നത്. യുഎസ് നാവികസേനയുടെ സഹായത്തോടെ പ്രതിദിനം ശരാശരി 31 കപ്പലുകൾ കടന്നുപോകുന്നുണ്ടെങ്കിലും സ്വതന്ത്ര വാണിജ്യ കപ്പൽ സർവീസുകൾ കനത്ത തിരിച്ചടി നേരിടുന്നു.
ഒമാൻ ഉൾക്കടലിൽ നേരിട്ടുള്ള ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും യുഎസ് ഉപരോധം കർശനമാക്കിയതോടെ സൈനിക സാന്നിധ്യം ശക്തമാണ്. യുഎസ് സെൻട്രൽ കമാൻഡിന്റെ (സെന്റ്കോം) കണക്കുകൾ പ്രകാരം ഇതുവരെ 144 വാണിജ്യ കപ്പലുകളുടെ ദിശ തിരിച്ചുവിടുകയും നാല് കപ്പലുകൾ നിർവീര്യമാക്കുകയും ചെയ്തിട്ടുണ്ട്.
സൈനിക നിർദേശങ്ങളോട് കൃത്യമായി പ്രതികരിക്കണമെന്നും സുരക്ഷാ കാരണങ്ങളാൽ ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളിലൊഴികെ ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റം (എഐഎസ്) പ്രവർത്തനക്ഷമമായി നിലനിർത്തണമെന്നും ഏജൻസികൾ കപ്പലുകൾക്ക് നിർദേശം നൽകി. ഹോർമുസിലെ തുടർച്ചയായ പ്രതിസന്ധി കപ്പൽ ഗതാഗതത്തിനും ഇൻഷുറൻസ് നിരക്കുകൾക്കും ഇന്ധന വ്യാപാരത്തിനും വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.










