യുഎഇയിലെ ഏഴ് എമിറേറ്റുകളെ പ്രതിനിധീകരിക്കുന്ന പ്രകാശവിന്യാസമൊരുക്കി ബാപ്സ് ഹിന്ദു മന്ദിറിലെ ദീപാവലി ആഘോഷങ്ങൾക്ക് സഹിഷ്ണുതാ വകുപ്പ് മന്ത്രി നേതൃത്വം നൽകി.
അബുദാബി, യുഎഇ — അബുദാബി ബാപ്സ് ഹിന്ദു മന്ദിറിലെ വിപുലമായ ദീപാവലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് യുഎഇയിലെ ഏഴ് എമിറേറ്റുകളെ പ്രതിനിധീകരിക്കുന്ന ‘യൂണിറ്റി ഓഫ് ലൈറ്റ്സ്’ പ്രകാശസംവിധാനം യുഎഇ സഹിഷ്ണുതാ സഹവർത്തിത്വ വകുപ്പ് മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. നയതന്ത്ര പ്രതിനിധികളും വിശിഷ്ട വ്യക്തികളും പതിനായിരക്കണക്കിന് സന്ദർശകരും ചടങ്ങിൽ പങ്കെടുത്തു.


രാജ്യത്തിന്റെ ഐക്യത്തിന്റെയും കരുത്തിന്റെയും പ്രതീകമായാണ് ഏഴ് പ്രകാശരശ്മികൾ ആകാശത്തേക്ക് പായിക്കുന്ന പ്രകാശസംവിധാനം ക്ഷേത്രാങ്കണത്തിൽ സജ്ജമാക്കിയത്. ചടങ്ങിൽ മുഖ്യാതിഥിയായെത്തിയ ശൈഖ് നഹ്യാൻ പരമ്പരാഗത ദീപം തെളിയിക്കുകയും വിശേഷാൽ വഴിപാടായ ‘മഹാ അന്നകൂട്ട്’ ദർശിക്കുകയും ചെയ്തു.
സഹിഷ്ണുതയും സൗഹൃദവും സമാധാനപരമായ സഹവർത്തിത്വവുമാണ് യുഎഇയുടെ എക്കാലത്തെയും അടിസ്ഥാന മൂല്യങ്ങളെന്ന് ശൈഖ് നഹ്യാൻ വ്യക്തമാക്കി.
യുഎഇ ഭരണകൂടത്തിന്റെ ദീർഘവീക്ഷണത്തോടെയുള്ള നേതൃത്വത്തിന് ബാപ്സ് ഹിന്ദു മന്ദിറിലെ സ്വാമി ബ്രഹ്മവിഹാരിദാസ് കൃതജ്ഞത രേഖപ്പെടുത്തി. ബാഹ്യമായ വെളിച്ചത്തിനപ്പുറം സ്വന്തം ഉള്ളിൽ സമാധാനത്തിന്റെയും നന്മയുടെയും ദീപം തെളിയിക്കുകയെന്നതാണ് ദീപാവലി നൽകുന്ന ആത്മീയ സന്ദേശമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ദീപാവലിയോടനുബന്ധിച്ച് യുഎഇയിലും ആഗോളതലത്തിലും സമാധാനവും ഐശ്വര്യവും സന്തോഷവും ഐക്യവും പുലരുന്നതിനായി ബാപ്സ് ആത്മീയാചാര്യൻ പരമപൂജനീയ മഹന്ത് സ്വാമി മഹാരാജ് പ്രത്യേക പ്രാർഥനകൾ നടത്തി.










