അബുദാബി ∙ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനും സമൂഹത്തിൽ പ്രതിരോധ സംസ്കാരം വളർത്തുന്നതിനുമായി അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റി പ്രത്യേക ക്യാംപെയ്ൻ (യുവർ ഹോം ഈസ് എ ട്രസ്റ്റ്) ആരംഭിച്ചു. തീപിടിത്തം തടയുന്നതിനുള്ള മാർഗ്ഗങ്ങൾ, ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ സുരക്ഷിത ഉപയോഗം, പുക കണ്ടെത്താനുള്ള ഉപകരണങ്ങളുടെ പ്രാധാന്യം എന്നിവയെക്കുറിച്ച് താമസക്കാരെ ബോധവൽക്കരിക്കുകയാണ് ലക്ഷ്യം.തീപിടിത്തമുണ്ടായാൽ ആദ്യഘട്ടത്തിൽ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും അഗ്നിശമന ഉപകരണങ്ങളുടെ ശരിയായ ഉപയോഗത്തെക്കുറിച്ചും പരിശീലനം നൽകുന്നു. മുതിർന്ന പൗരന്മാരുടെ സുരക്ഷയ്ക്കായി പാലിക്കേണ്ട നിബന്ധനകളും ഇലക്ട്രിക് വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഈ ക്യാംപെയ്നിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.അഗ്നിശമന സേനാ ഉദ്യോഗസ്ഥർ വീട്ടിലെത്തി താമസസ്ഥലങ്ങളിലെ സുരക്ഷാ നിലവാരം പരിശോധിച്ച് ആവശ്യമായ മാർഗ്ഗനിർദ്ദേശം നൽകും. സമൂഹമാധ്യമങ്ങളിലൂടെയും ഷോപ്പിങ് മാളുകൾ, സിനിമാ തിയറ്ററുകൾ എന്നിവയിലൂടെയും ബോധവൽക്കരണം നടന്നുവരുന്നു. ഇതോടനുബന്ധിച്ച് മോക്ക് ഡ്രില്ലുകളും ശില്പശാലകളും സംഘടിപ്പിക്കുമെന്ന് അതോറിറ്റി അറിയിച്ചു. യുഎഇയിലെ വീടുകളിൽ സ്ഥാപിക്കുന്ന സ്മാർട് അഗ്നിശമന മുന്നറിയിപ്പ് സംവിധാനമായ ഹസ്സൻതുക് പദ്ധതികളുടെ തുടർച്ചയായാണ് ക്യാംപെയ്ൻ നടത്തുന്നത്.








































