ദുബായ് – നവംബർ 10, 2026: ദുബായിലെ നാഷണൽ ഇൻഡസ്ട്രീസ് പാർക്കിലുള്ള (NIP) ഹോട്ട്പാക്കിന്റെ നിർമാണ സമുച്ചയത്തിൽ സ്ഥാപിച്ച 2.2 മെഗാവാട്ട് ശേഷിയുള്ള റൂഫ്ടോപ്പ് സൗരോർജ പദ്ധതിക്ക് ഗൾഫുഡ് മാനുഫാക്ചറിങ്ങിന്റെ പുനരുൽപ്പാദന ഊർജ്ജ പദ്ധതികൾക്കുള്ള വ്യവസായ മികവിനുള്ള 2026-ലെ പുരസ്കാരം. ദുബായിൽ ഈയിടെ നടന്ന പുരസ്കാരച്ചടങ്ങിലാണ് സുസ്ഥിര ഊർജ മേഖലയിലെ ഈ നേട്ടത്തിന് ഹോട്ട്പാക്കിനെ തിരഞ്ഞെടുത്തത്.
എൻ.ഐ.പി വ്യാവസായിക മേഖലയിലെ ഏറ്റവും വലിയ സൗരോർജ പദ്ധതികളിലൊന്നാണ് ഹോട്ട്പാക്കിന്റെ ഉത്പാദന സമുച്ചയത്തിൽ സംവിധാനം ചെയ്തിട്ടുള്ളത്. പ്രതിവർഷം 35.2 ലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന പദ്ധതി 2,992 മെട്രിക് ടൺ കാർബൺ ഡയോക്സൈഡ് പുറന്തള്ളൽ കുറയ്ക്കാനും സഹായിക്കും.
കമ്പനിയുടെ സുസ്ഥിര വികസന പ്രവർത്തനങ്ങൾക്കുള്ള വളരെ പ്രധാന അംഗീകാരമാണ് ഗൾഫുഡ് മാനുഫാക്ചറിങ് ഇൻഡസ്ട്രി എക്സലൻസ് അവാർഡെന്ന് ഹോട്ട്പാക്കിന് സാരഥികൾ അറിയിച്ചു.
ക്ലെനർജൈസ് കൺസൾട്ടന്റ്സ്, അൽ ബറക എനർജി എന്നിവരുമായി സഹകരിച്ച് 2025 ഏപ്രിലിലാണ് സൗരോർജ സംവിധാനം പൂർത്തിയാക്കിയതെന്ന് ഹോട്ട്പാക്ക് മാനേജിംഗ് ഡയറക്ടറും ഗ്രൂപ്പ് സിഇഒയുമായ അബ്ദുൾ ജബ്ബാർ പി.ബി. പറഞ്ഞു.
ആധുനിക സാങ്കേതികയുടെ സഹായത്തോടെ പ്രവർത്തന മികവ് ലക്ഷ്യമിട്ടു സ്ഥാപിച്ച 2.2 മെഗാവാട്ട് സൗരോർജ പദ്ധതി പ്രകൃതി വിഭവ സംരക്ഷണത്തിൽ ഹോട്ട്പാക്കിന്റെ ഒരു എളിയ സംഭാവനയാണ് എന്നതിനപ്പുറം യൂ.എ.ഇയുടെ സുസ്ഥിരത നയങ്ങൾക്കുള്ള ഞങ്ങളുടെ പിന്തുണയുമാണെന്നും അദ്ദേഹം അറിയിച്ചു.
സമഗ്രമായ സുസ്ഥിരത മൂല്യങ്ങൾ നടപ്പിപ്പിൽ വരുത്തുന്ന പാക്കേജിംഗ് കമ്പനിയായി വളരുന്നതോടൊപ്പം കാർബൺ ന്യൂട്രൽ വ്യവസായം എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുകായും പുനരുപയോഗ ഊർജത്തിലും സാങ്കേതികവിദ്യകളിലും തുടർന്നും നിക്ഷേപം നടത്തുകായും ചെയ്യുമെന്നും അബ്ദുൾ ജബ്ബാർ കൂട്ടിച്ചേർത്തു.
ഈ അംഗീകാരം ഹോട്ട്പാക്കിലെ എല്ലാവർക്കും അഭിമാനകരമായ നിമിഷമാണെന്ന് ഹോട്ട്പാക്ക് ഗ്ലോബൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും എക്സിക്യൂട്ടീവ് ഡയറക്ടറുമായ സൈനുദ്ദീൻ പി.ബി. പറഞ്ഞു.
സൗരോർജ പദ്ധതി ഇതിനകം തന്നെ ഊർജ സ്വയംപര്യാപ്തതയിലും ചെലവ് കാര്യക്ഷമതയിലും പ്രകടമായ പുരോഗതി കൈവരിക്കാൻ സഹായിച്ചിട്ടുണ്ടെന്നും, കമ്പനിയുടെ എല്ലാ പ്രവർത്തന മേഖലകളിലും സുസ്ഥിരതയെ സമന്വയിപ്പിക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ തെളിവുകൂടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പദ്ധതിയിലൂടെ പ്രതിവർഷം ഏകദേശം 2,992 മെട്രിക് ടൺ കാർബൺ ഡയോക്സൈഡ് (CO₂) പുറന്തള്ളൽ കുറയ്ക്കാൻ കഴിയുന്നതിലൂടെ പ്രതിവർഷം 1,42,476-ലധികം മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിന് തുല്യമായ നേട്ടം പരിസ്ഥിതിക്കുണ്ടാകുമെന്നു ഹോട്ട്പാക്ക് ചീഫ് ടെക്നിക്കൽ ഓഫീസറും എക്സിക്യൂട്ടീവ് ഡയറക്ടറുമായ അൻവർ പി.ബി. പറഞ്ഞു.
കാർബൺ ന്യൂട്രാലിറ്റി കൈവരിക്കാനുള്ള ഹോട്ട്പാക്കിന്റെ വിപുലമായ പദ്ധതികളുടെ ഭാഗമാണ് ഇതെന്നും കമ്പനിയുടെ ദീർഘകാല സുസ്ഥിരതാ പദ്ധതികൾക്കും 2050ഓടെ നെറ്റ് സീറോ കാർബൺ പുറന്തള്ളൽ കൈവരിക്കാനുള്ള യുഎഇയുടെ ദേശീയ ലക്ഷ്യങ്ങൾക്കും ഇത് പിന്തുണ നൽകുന്നുവെന്നും അദ്ദേഹം അറിയിച്ചു.
സുസ്ഥിരതാ മേഖലയിലെ ഹോട്ട്പാക്കിന്റെ തുടർച്ചയായ നേട്ടങ്ങളുടെ പട്ടികയിലേക്ക് പുതിയ പുരസ്കാരം കൂടി ചേർക്കപ്പെടുകയാണ്. ഉപഭോക്താക്കൾ ഉപയോഗിച്ചശേഷം ശേഖരിക്കുന്നതും പുനഃചംക്രമണം ചെയ്തതുമായ പ്ലാസ്റ്റിക് (PCR) നിർമാണത്തിൽ ഉൾപ്പെടുത്തിയതും റീസൈക്കിൾ ചെയ്ത PET-യും നൂതന പോളിമറുകളും സംയോജിപ്പിക്കുന്ന H-rPET സാങ്കേതികവിദ്യ അവതരിപ്പിച്ചതും കമ്പനിയുടെ പ്രധാന നേട്ടങ്ങളാണ്. കൂടാതെ, വീയോളിയയുടെ RECAPP-മായി സഹകരിച്ച് ‘ഇക്കോ ലൂപ്പ്’ റീസൈക്ലിങ് പദ്ധതിയും ആരംഭിച്ചിട്ടുണ്ട്.
1995ൽ ദുബായിൽ സ്ഥാപിതമായ ഹോട്ട്പാക്കിന് ഇന്ന് ലോകമെമ്പാടുമായി 25 ഉത്പാദന കേന്ദ്രങ്ങളുണ്ട്. 107-ലധികം രാജ്യങ്ങളിലേക്ക് ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്ന കമ്പനി, വിവിധ വിഭാഗങ്ങളിലായി 4,000-ലധികം പാക്കേജിംഗ് ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കുന്നുണ്ട്.










