കുവൈത്തില്‍ അനധികൃത താമസക്കാര്‍ക്ക് പിഴ കൂടാതെ രാജ്യം വിടുന്നതിനോ പിഴ അടച്ചു താമസം നിയമപരമാക്കുന്നതിനോ അവസരം നല്‍കുന്ന പൊതുമാപ്പ് പ്രബലത്തില്‍ വന്നു. ഇന്ന് മുതല്‍ ജൂണ്‍ 17 വരെ മൂന്നു മാസമാണ് പൊതുമാപ്പ് അനുവദിച്ചിരിക്കുന്നത്. ഇതനുസരിച്ച് രാജ്യത്തെ താമസ നിയമ ലംഘകരായ വിദേശികള്‍ക്ക് ഈ കാലയളവില്‍ പിഴ കൂടാതെ രാജ്യം വിട്ട് പുതിയ വിസയില്‍ തിരിച്ചു വരുന്നതിനും രാജ്യം വിടാന്‍ താല്പര്യമില്ലാത്തവര്‍ക്ക് പിഴ അടച്ചു താമസരേഖ നിയമ വിധേയമാക്കുവാനും കഴിയും.
താമസ നിയമലംഘകരായ വിദേശികള്‍ക്ക് തങ്ങളുടെ ഇഖാമ ഇഷ്യു ചെയ്തിട്ടുള്ള ബന്ധപ്പെട്ട റെസിഡന്‍ഷ്യല്‍ ഡിപ്പാര്‍ട്മെന്റുകളിലെത്തി ഇതിനുവേണ്ട നടപടികള്‍ പൂര്‍ത്തീകരിക്കാം. 600 ദിനാര്‍ ആണ് പരമാവധി പിഴ സംഖ്യ.എന്നാല്‍ ക്രിമിനല്‍,സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ അകപ്പെട്ടു രാജ്യത്ത് യാത്ര വിലക്ക് നേരിട്ടു കഴിയുന്നവര്‍ക്ക് ഈ കാലയളവില്‍ കേസില്‍ തീര്‍പ്പ് ഉണ്ടായാല്‍ മാത്രമേ പൊതു മാപ്പ് ബാധകമാകുകയുള്ളു. ഇതിനായി താമസ കാര്യ വിഭാഗത്തില്‍ നിന്ന് പ്രത്യേക അനുമതി വാങ്ങണം.
കുവൈത്തില്‍ 1,20000 നും 1,40000 നും ഇടയില്‍ അനധികൃത താമസക്കാര്‍ ഉണ്ടെന്നാണ് അധികൃതരുടെ കണക്ക്. അതിനിടെ ഈ കാലയളവില്‍ താമസം നിയമപരമാക്കുകയോ രാജ്യം വിടുകയോ ചെയ്യാത്ത അനധികൃത താമസക്കാരെ കുവൈത്തിലേക്ക് വീണ്ടും തിരിച്ചുവരാന്‍ പറ്റാത്ത നിലയില്‍ നാടുകടത്തുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.ഇവര്‍ക്ക് മറ്റു ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകുവാനും സാധ്യമാകില്ല.ഇത്തരത്തില്‍ കുവൈത്തിലേക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തുന്നവര്‍ക്ക് മറ്റു ഗള്‍ഫ് രാജ്യങ്ങളിലേക്ക് ജോലിക്കായി പോകുന്നതിന് നേരത്തെ തടസ്സമുണ്ടായിരുന്നില്ല. എന്നാല്‍ രാജ്യത്ത് ബയോമെട്രിക് പരിശോധന ഏര്‍പ്പെടുത്തിയ ശേഷം പ്രഖ്യാപിക്കുന്ന ആദ്യ പൊതുമാപ്പ് ആണ് ഇത്തവണത്തേത്. അതുകൊണ്ടുതന്നെ ബയോ മെട്രിക് വിവരങ്ങള്‍ ശേഖരിച്ചു നാടു കടത്തപ്പെടുന്നവര്‍ക്ക് മറ്റു ഗള്‍ഫ് രാജ്യങ്ങളിലേക്ക് പ്രവേശിക്കുന്നതിനും വിലക്ക് ഉണ്ടായിരിക്കും എന്നാണ് സുരക്ഷാ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.