ന്യൂഡൽഹി: പഞ്ചാബിലെ തർൺ തരൺ ജില്ലയിലെ ഉസ്മ ഗ്രാമത്തിൽ ക്ലാസ് മുറിക്കുള്ളിൽ നടന്ന വെടിവെപ്പ് രാജ്യത്തെ നടുക്കി. ഒന്നാം വർഷ നിയമ വിദ്യാർഥിനിയായ സന്ദീപ് കൗറിനെ സഹപാഠിയായ പ്രിൻസ് രാജ് വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം അതേ ആയുധം ഉപയോഗിച്ച് സ്വയം വെടിവെച്ച സംഭവമാണ് റിപ്പോർട്ട് ചെയ്തത്.
വെടിവെപ്പിൽ സന്ദീപ് കൗർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ പ്രിൻസ് രാജ് ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവം മുഴുവനായും ക്ലാസ് മുറിയിലെ സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങൾ പ്രകാരം, ആദ്യം ഇരുവരും ക്ലാസ് മുറിക്കുള്ളിൽ സംസാരിക്കുന്നതായി കാണുന്നു. തുടർന്ന് ക്ലാസിന് പുറത്തേക്ക് പോയ ഇവർ വീണ്ടും മടങ്ങി ക്ലാസ് മുറിയുടെ പിൻവശത്തെ ബെഞ്ചുകളിലിരിക്കുമ്പോഴാണ് ആക്രമണം നടന്നത്.
ക്ഷോഭിതനായ പ്രിൻസ് രാജ് ബാഗിൽ നിന്ന് പിസ്റ്റൾ പുറത്തെടുത്തു സന്ദീപ് കൗറിന്റെ തലയിൽ വെടിയുതിർക്കുകയായിരുന്നു. പിന്നാലെ മൂന്ന് സെക്കൻഡിനുള്ളിൽ തന്നെ സ്വന്തം തലയിലേക്കും വെടിവെച്ചതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
സംഭവസമയം സമീപത്തുണ്ടായിരുന്ന സഹപാഠി ഭീതിയോടെ ഓടി മാറുകയും പിന്നീട് തിരികെ വന്ന് സഹായത്തിനായി വിളിച്ചുപറയുന്നതും ദൃശ്യങ്ങളിൽ കാണാം.
കൊലപാതകത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. പ്രണയബന്ധവുമായി ബന്ധപ്പെട്ട പ്രശ്നമാണോ, മറ്റേതെങ്കിലും തർക്കമാണോ എന്നതിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഇരുവരുടെയും മൊബൈൽ ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
സന്ദീപ് കൗറിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.










































