എൻ.സി.പിയിൽ പൊട്ടിത്തെറി. സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ രാജിവെച്ചു. എ.കെ. ശശീന്ദ്രനെ മന്ത്രി സ്ഥാനത്ത് നിന്നും മാറ്റുന്നതിനെ ചൊല്ലി എൻ.സി.പിക്കകത്ത് വൻ തർക്കങ്ങൾ നടന്നിരുന്നു. എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയൻ ശശീന്ദ്രനെ മന്ത്രി സ്ഥാനത്ത് നിന്നും മാറ്റാൻ തയ്യാറായിരുന്നില്ല.
ഇതിനിടെ, എൻ.സി.പി സംസ്ഥാന കമ്മിറ്റിയിൽ മുഖ്യമന്ത്രിക്കെതിരെ പി.സി. ചാക്കോ സംസാരിച്ചതിന്റെ ഓഡിയോ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. എല്ലാ അർത്ഥത്തിലും പാർട്ടിയിൽ ഒറ്റപ്പെടുന്ന സാഹചര്യം വന്നതിനാലാണ് ചാക്കോ രാജി വെച്ചതെന്നറിയുന്നു. രാജിയെ കുറിച്ച് പ്രതികരണം തേടിയ മാധ്യമങ്ങളോട് പ്രതികരിക്കാൻ ചാക്കോ തയ്യാറായില്ല.എ.കെ. ശശീന്ദ്രൻ മന്ത്രിസ്ഥാനത്ത് തുടരട്ടെയെന്നായിരുന്നു സി.പി.എമ്മിന്റെ തീരുമാനം. എന്തുകൊണ്ട് തോമസ് കെ. തോമസിനെ മന്ത്രിയാക്കാൻ കഴിയില്ലെന്ന ചോദ്യമാണ് പി.സി. ചാക്കോ ചോദിച്ച് കൊണ്ടിരുന്നത്. എന്നാൽ, ശശീന്ദ്രൻ വിഭാഗം പാർട്ടിയിൽ പിടിമുറുക്കുകയായിരുന്നു. നിലവിലെ സാഹചര്യത്തിൽ തോമസ് കെ. തോമസ് പോലും പി.സി. ചാക്കോക്കൊപ്പം ഇല്ലാത്ത സാഹചര്യമാണുള്ളത്. ഇത്, ചാക്കോയെ വലിയ പ്രതിസന്ധിയിലാക്കിയെന്നാണ് അറിയുന്നത്. ചാക്കോ രാജിവെച്ച സാഹചര്യത്തിൽ സംസ്ഥാന പ്രസിഡന്റായി തോമസ് കെ. തോമസിനെ നിർദേശിക്കാനാണ് ശശീന്ദ്രൻ വിഭാഗത്തിന്റെ തീരുമാനം. എൻ.സി.പി എം.എൽ.എമാരിൽ ആരാണ് മന്ത്രി പാർട്ടി തീരുമാനിക്കുമെന്ന നിലപാടാണ് ചാക്കോ മുന്നോട്ട് വെച്ചത്. കോൺഗ്രസ് വിട്ട് എൻ.സി.പിയിലെത്തിയ ചാക്കോക്ക് പാർട്ടി അണികളിൽ സ്വാധീനമുണ്ടായിരുന്നില്ല.ശശീന്ദ്രനെ മാറ്റുന്നത് ഗുണം ചെയ്യില്ലെന്നാണ് തുടക്കം മുതൽ സി.പി.എം സ്വീകരിച്ച നിലപാട്. മന്ത്രി മാറ്റം ആവശ്യപ്പെട്ട് നേരത്തെ തന്നെ വന്നുകണ്ട എൻ.സി.പി നേതൃത്വത്തോടും മുഖ്യമന്ത്രി ഈ നിലപാടാണ് വ്യക്തമാക്കിയത്. മന്ത്രി സ്ഥാനം ലഭിക്കാൻ ശരത് പവാർ വഴി പാർട്ടി ദേശീയ നേതൃത്വത്തിനുമേൽ സമ്മർദ്ദം ചെലുത്താൻ പി.സി. ചാക്കോ ശ്രമിച്ചതിൽ സി.പി.എം സംസ്ഥാന നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. ഇതിനുപുറമെ, പ്രകാശ് കാരാട്ടിനെ കണ്ട് മന്ത്രി സ്ഥാനത്തെ കുറിച്ച് തങ്ങൾക്കുള്ള പ്രശ്നം ചാക്കോ ധരിപ്പിച്ചിരുന്നു. തുടർന്നാണ്, കേരള ഘടകം ശശീന്ദ്രനെ മാറ്റില്ലെന്ന് അറിയിച്ചത്. ഇതോടെ, സി.പി.എമ്മിന്റെ അസംതൃപ്‍തരുടെ ഇടയിൽ സ്ഥാനം പിടിച്ച ചാക്കോക്ക് എൻ.സി.പിക്കകത്തും പിടിച്ചു നിൽക്കാൻ കഴിയാത്ത സാഹചര്യമുണ്ടായെന്നാണ് അറിയുന്നത്.