പറക്കും ടാക്സികൾക്കായി അബൂദബിയിൽ മൂന്നിടത്ത് വെർട്ടിപോർട്ടുകൾ (സ്റ്റേഷനുകൾ) നിർമിക്കും. അല്‍ ബതീന്‍, യാസ് ഐലന്‍ഡ്, ഖലീഫാ പോര്‍ട്ട് എന്നീ മൂന്ന് പ്രധാന സ്ഥലങ്ങളിലാണ് വെര്‍ട്ടിപോര്‍ട്ടുകള്‍ നിർമിക്കുക.ഐ.സി.എ.ഒ ഗ്ലോബല്‍ ഇംപ്ലിമെന്റേഷന്‍ സപ്പോര്‍ട്ട് സിമ്പോസിയത്തിൽ എ.ഐ ഡ്രോണ്‍ സാങ്കേതികവിദ്യയിലും ഓട്ടോണമസ് ഏരിയല്‍ ലോജിസ്റ്റിക്സിലും വൈദഗ്ധ്യം നേടിയ അബൂദബി ആസ്ഥാനമായുള്ള എല്‍.ഒ.ഡി.ഡി കമ്പനിയും സ്കൈപോര്‍ട്ട്സ് ഇന്‍ഫ്രാസ്ട്രക്ചറും സംയുക്തമായാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.2026 മുതല്‍ പറക്കും ടാക്സികളുടെ ടേക്ക് ഓഫ്, ലാന്‍ഡിങ്, സര്‍വിസുകൾക്കായി വെര്‍ട്ടിപോര്‍ട്ടുകള്‍ പ്രവർത്തിച്ചു തുടങ്ങും. അബൂദബിയുടെ പൊതുഗതാഗത സംവിധാനത്തില്‍ ആളില്ലാ ആകാശയാത്ര സംവിധാനത്തെ സംയോജിപ്പിക്കാനുള്ള പ്രധാനപ്പെട്ട ചുവടുവെപ്പാണിതെന്ന് എല്‍.ഒ.ഡി.ഡി സി.ഇ.ഒ റാഷിദ് അല്‍ മനായി പറഞ്ഞു. അബൂദബിയിലെ മൂന്ന് വെര്‍ട്ടിപോര്‍ട്ടുകള്‍ എമിറേറ്റിലെ പ്രധാന കേന്ദ്രങ്ങളെ തമ്മില്‍ ബന്ധിപ്പിക്കും. ഇതിന് പുറമേ യു.എ.ഇയിലെ മറ്റു കേന്ദ്രങ്ങളെയും വെര്‍ട്ടിപോര്‍ട്ടുകള്‍ ബന്ധിപ്പിക്കുമെന്ന് എല്‍.ഒ.ഡി.ഡി പറയുന്നു.യു.എ.ഇയിലുടനീളമുള്ള സ്ഥലങ്ങളില്‍നിന്നും അബൂദബിയിലെത്തുന്നവര്‍ക്ക് എളുപ്പത്തില്‍ എത്താവുന്ന രീതിയിലായിരിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.യു.എ.ഇയിലെ ആദ്യത്തെ പറക്കും ടാക്സി സ്റ്റേഷനായ ദുബൈ അന്താരാഷ്ട്ര വെര്‍ട്ടിപോര്‍ട്ട് (ഡി.എക്സ്.വി) വിമാനത്താവളത്തോട് ചേര്‍ന്ന് നിർമിക്കുമെന്ന് അധികൃതര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. ദുബൈ റോഡ് ഗതാഗത അതോറിറ്റി, ജോബി ഏവിയേഷന്‍ എന്നിവയുമായി സഹകരിച്ചാണ് പറക്കും ടാക്സികളുടെ നിര്‍മാണം.
ദുബൈയില്‍ നാലിടങ്ങളിലായാണ് വെര്‍ട്ടിപോര്‍ട്ടുകള്‍ വരുന്നത്. അതില്‍ ആദ്യത്തേതാണ് ദുബൈ വിമാനത്താവളത്തിന് സമീപം വരുന്ന ഡി.എക്സ്.വി. കൂടാതെ 2026 ആദ്യപാദത്തോടെ ഡൗൺ ടൗണ്‍, പാം ജുമൈറ, ദുബൈ മറീന എന്നിവിടങ്ങളിലും വെര്‍ട്ടിപോര്‍ട്ടുകളുടെ നിർമാണം പൂര്‍ത്തിയാകും. യു.എ.ഇയിലെ ആദ്യത്തെ പരീക്ഷണ വെര്‍ട്ടിപോര്‍ട്ട് അബൂദബിയില്‍ ആരംഭിക്കുമെന്ന് കഴിഞ്ഞ ഏപ്രിലിൽ അധികൃതര്‍ അറിയിച്ചിരുന്നു