മലപ്പുറം: സമസ്ത ഇ.കെ വിഭാഗം പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ നടത്തിയ പരാമർശങ്ങൾക്ക് മറുപടിയുമായി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ രംഗത്ത്.
“ഞങ്ങൾ സമസ്തയിൽ നിന്ന് പുറത്തുപോയതല്ല. സമസ്ത അന്ന് എടുത്ത ചില തീരുമാനങ്ങളിൽ വിയോജിച്ചാണ് ഇറങ്ങിപ്പോയത്. അന്ന് നടന്ന കാര്യങ്ങൾ ഇപ്പോൾ വന്നവർക്ക് മുഴുവൻ അറിയില്ല,” എന്ന് ജിഫ്രി തങ്ങളെ ഉന്നമിട്ട് കാന്തപുരം വ്യക്തമാക്കി. മലപ്പുറം കോട്ടക്കലിൽ ചേർന്ന എ.പി വിഭാഗം സമസ്തയുടെ നൂറാം വാർഷിക സെന്റനറി വിളംബര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിട്ടുപോയ സുന്നി സംഘടനകൾ മാതൃസംഘടനയിലേക്ക് മടങ്ങിവരണമെന്നായിരുന്നു ഇ.കെ വിഭാഗത്തിന്റെ നൂറാം വാർഷിക സമ്മേളനത്തിൽ ജിഫ്രി തങ്ങൾ ആവശ്യപ്പെട്ടത്. “നമ്മൾ ഘർവാപസി എന്നൊക്കെ കേട്ടിട്ടില്ലേയ?” എന്ന അദ്ദേഹത്തിന്റെ പരാമർശവും ശ്രദ്ധ നേടിയിരുന്നു.
കാസർകോട് കുണിയയിൽ നടന്ന ഇ.കെ വിഭാഗത്തിന്റെ സമസ്ത നൂറാം വാർഷിക സമ്മേളനത്തിലായിരുന്നു ജിഫ്രി തങ്ങൾ ഈ പ്രസ്താവന നടത്തിയത്. സുന്നി സംഘടനകളുടെ ഐക്യം ആഹ്വാനം ചെയ്തുകൊണ്ടായിരുന്നു സമ്മേളനം സമാപിച്ചത്.
അതേസമയം, സമൂഹത്തിന്റെ സുസ്ഥിര വളർച്ചയ്ക്കും പുരോഗതിക്കും ഐക്യത്തോടെ നിൽക്കേണ്ടത് അനിവാര്യമാണെന്നാണ് എ.പി വിഭാഗം അവതരിപ്പിച്ച പ്രമേയം വ്യക്തമാക്കുന്നത്. “രണ്ട് സമസ്ത എന്നതിന് പകരം ഒരു സമസ്തയായി മാറാൻ തയ്യാറാണ്. അതിനുള്ള ചർച്ചകൾക്കും ഐക്യശ്രമങ്ങൾക്കും ഞങ്ങൾ എപ്പോഴും സന്നദ്ധരാണ്,” എന്നും കാന്തപുരം അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു.










































