തിരുവനന്തപുരം: തലസ്ഥാനത്ത് കുടുംബത്തോടൊപ്പം മാളിലെത്തിയ പൊലീസുകാരന് എസ്.എഫ്.ഐ പ്രവർത്തകരുടെ മർദനം. എ.ആർ ക്യാമ്പിലെ പൊലീസുകാരനായ മിഥുൻ റോയിക്കാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ എസ്.എഫ്.ഐ പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മർദനമേറ്റ പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തതായും റിപ്പോർട്ടുണ്ട്.
ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. പുതുവത്സര രാത്രിയിൽ ശംഖുമുഖത്ത് സമയപരിധി കഴിഞ്ഞിട്ടും ഡി.ജെ പാർട്ടി നടത്തിയതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ എസ്.എഫ്.ഐ പ്രവർത്തകരും പൊലീസും ഏറ്റുമുട്ടിയിരുന്നു. അന്നത്തെ പൊലീസ് നടപടിയിൽ പങ്കെടുത്ത സംഘത്തിലുണ്ടായിരുന്നയാളാണ് മിഥുൻ റോയ്. ശംഖുമുഖം അസിസ്റ്റന്റ് കമീഷണറുടെ നിർദേശപ്രകാരമായിരുന്നു അന്നത്തെ പൊലീസ് നടപടി.
അതേസമയം, അന്നത്തെ സംഭവത്തെ തുടർന്ന് മുഖ്യമന്ത്രിയുൾപ്പെടെ എസ്.എഫ്.ഐ നൽകിയ പരാതിയിൽ വകുപ്പുതല അന്വേഷണം പുരോഗമിക്കുകയാണ്. ഇതിന് പിന്നാലെയാണ് ശനിയാഴ്ച മിഥുൻ റോയ് മാളിലെത്തിയപ്പോൾ എസ്.എഫ്.ഐ പ്രവർത്തകർ പിന്തുടർന്ന് ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തതെന്നാണ് ആരോപണം.
മാളിലെ മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മിഥുൻ റോയ് വഞ്ചിയൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും ആദ്യം കേസെടുക്കാൻ തയ്യാറായില്ലെന്നാണ് ആരോപണം. പിന്നീട് സമ്മർദം വന്നതോടെ എസ്.എഫ്.ഐ പ്രവർത്തകരെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരം കേസെടുത്തു.
അതേസമയം, ഈ കേസിലെ ഒന്നാം പ്രതിയായ വിനായക് നൽകിയ പരാതിയിൽ മിഥുൻ റോയിക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. മിഥുൻ റോയ് ആയുധം ഉപയോഗിച്ച് ആക്രമിച്ചെന്നാണ് എസ്.എഫ്.ഐ പ്രവർത്തകരുടെ ആരോപണം.










































