അബൂദബി: യു.എ.ഇ ഫെഡറൽ സുപ്രീംകോടതിയിൽ ദീർഘകാലം സേവനമനുഷ്ഠിച്ച് വിരമിച്ച മലപ്പുറം വള്ളിക്കുന്ന് സ്വദേശി പുതിയ വീട്ടിൽ അബൂബക്കർ മൗലവിയ്ക്ക് ചീഫ് ജസ്റ്റിസിന്റെ സ്വർണപതക്കം സമ്മാനിച്ചു.
അബൂദബി സുപ്രീംകോടതി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ് മുഹമ്മദ് ഹമദ് അൽ ബാദിയാണ് അബൂബക്കർ മൗലവിയെ ആദരിച്ചത്. സുപ്രീംകോടതി ജഡ്ജിമാരായ അയ്മൻ ഹസൻ സനാ അൽ ദീൻ അൽ ഷാഫി, മുഹമ്മദ് അഹമ്മദ് അബ്ദുൽ ഖാദർ എന്നിവർ പങ്കെടുത്ത വിരമിച്ച ഉദ്യോഗസ്ഥരെ ആദരിക്കുന്ന ചടങ്ങിലായിരുന്നു പതക്കം സമ്മാനിച്ചത്.
മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് സ്വദേശിയായ അബൂബക്കർ മൗലവി ദീർഘകാലമായി യു.എ.ഇ നീതിന്യായ വകുപ്പിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു. പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനൊരുങ്ങുന്ന അദ്ദേഹത്തിന് സഹപ്രവർത്തകരും വിവിധ മലയാളി കൂട്ടായ്മകളും യാത്രയയപ്പ് നൽകി.










































