ദുബായ്: റമദാൻ 2026നെ മുന്നോടിയായി General Directorate of Identity and Foreigners Affairs – Dubai (ജിഡിആർഎഫ്എ ദുബായ്) പുതുക്കിയ ഔദ്യോഗിക പ്രവർത്തന സമയം പ്രഖ്യാപിച്ചു. വിശുദ്ധ റമദാൻ മാസത്തിലും ഉയർന്ന നിലവാരത്തിലുള്ള സേവനങ്ങൾ തടസ്സമില്ലാതെ ഉറപ്പാക്കുന്നതിനാണ് പുതിയ സമയക്രമം കൊണ്ടുവന്നതെന്ന് അധികൃതർ വ്യക്തമാക്കി.
അൽ ജഫിലിയയിലെ മുഖ്യ ആസ്ഥാനം, അൽ മനാറ സെന്റർ, അൽ ത്വാർ സെന്റർ എന്നിവിടങ്ങളിലെ ഓഫീസുകളിലും കസ്റ്റമർ ഹാപ്പിനസ് സെന്ററുകളിലും ദിവസവും രാവിലെ 8.00 മുതൽ വൈകിട്ട് 5.00 വരെ സേവനങ്ങൾ ലഭ്യമാകും. വെള്ളിയാഴ്ചകളിൽ രാവിലെ 8.00 മുതൽ ഉച്ചയ്ക്ക് 12.00 വരെയും ഉച്ചയ്ക്ക് 2.00 മുതൽ വൈകിട്ട് 5.00 വരെയും പ്രവർത്തനം ഉണ്ടായിരിക്കും.
എയർപോർട്ട് സർവീസസിന്റെ ഭാഗമായി ടെർമിനൽ 3യിലെ കസ്റ്റമർ ഹാപ്പിനസ് സെന്ററിൽ 24 മണിക്കൂറും സേവനം തുടരും. കൂടാതെ GDRFA DXB, Dubai Now എന്നീ സ്മാർട്ട് ആപ്പുകളും ഔദ്യോഗിക വെബ്സൈറ്റ് www.gdrfa.gov.ae വഴിയും മുഴുവൻ സമയവും സേവനങ്ങൾ ലഭ്യമാകും.
അൽ അവീർ കസ്റ്റമർ ഹാപ്പിനസ് സെന്റർ ആഴ്ചയിലെ എല്ലാ ദിവസവും രാവിലെ 7.00 മുതൽ വൈകിട്ട് 5.00 വരെ പ്രവർത്തിക്കും. വെള്ളിയാഴ്ചകളിൽ രാവിലെ 7.00 മുതൽ 11.00 വരെയും ഉച്ചയ്ക്ക് 1.00 മുതൽ വൈകിട്ട് 5.00 വരെയും സേവനം ലഭിക്കും.
റമദാൻ കാലയളവിൽ പൊതുജനങ്ങൾക്ക് എളുപ്പത്തിൽ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി ഫലപ്രദമായ ആശയവിനിമയ സംവിധാനവും ഒരുക്കിയിട്ടുണ്ടെന്ന് ജിഡിആർഎഫ്എ അറിയിച്ചു. സംശയങ്ങൾക്കും സഹായത്തിനുമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന “ആമർ” കോൾ സെന്ററിലെ 8005111 എന്ന നമ്പറിൽ ബന്ധപ്പെടാം.
ദുബായുടെ സർക്കാർ മികവ് ലക്ഷ്യങ്ങൾക്ക് പിന്തുണ നൽകുന്നതിനും ഇടപാടുകൾ ലളിതവും സമയബന്ധിതവുമായി പൂർത്തിയാക്കുന്നതിനും ജിഡിആർഎഫ്എ ദുബായ് പ്രതിബദ്ധമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.










































