ദുബായ്: വാഹന നമ്പർ പ്ലേറ്റുകൾക്കായുള്ള 118-ാമത് ഓപൺ ലേലത്തിൽ പുതിയ റെക്കോർഡ് സ്‌ഥാപിച്ച് ദുബായ് ആർ ടി എ. 98.83 മില്യൺ ദിർഹമാണ് ലേലത്തിൽ നിന്ന് ആർടിഎ നേടിയത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വരുമാനമാണിത്. CC 22 എന്ന നമ്പർ പ്ലേറ്റ് 8.35 മില്യൺ ദിർഹമിനാണ് വിറ്റുപോയത്.7.52 മില്യൺ ദിർഹം നേടിയ BB 20, 6.68 മില്യൺ ദിർഹം നേടിയ BB 19 എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ. 3.31 മില്യൺ ദിർഹമിന് AA 707ഉം, 3.3 മില്യൺ ദിർഹമിന് AA 222 ഉം ലേലത്തിൽ പോയി. AA, BB, CC, I, J, O, P, T, U, V, W, X, Y, Z എന്നിവയുൾപ്പെടെ 14 വ്യത്യസ്ത കോഡുകളിൽ നിന്നുള്ള രണ്ട് മുതൽ അഞ്ചക്ക കോമ്പിനേഷനുകളിലായി 90 പ്രീമിയം നമ്പർ പ്ലേറ്റുകൾ ലേലത്തിൽ ഉണ്ടായിരുന്നു.പ്ലേറ്റുകളുടെ ആകെ അടിസ്ഥാന മൂല്യം 16.565 മില്യൺ ദിർഹമായിരുന്നെങ്കിലും, ആറ് മടങ്ങ്കൂടുതൽ തുക ആർ ടി എ ക്ക് ലഭിച്ചു. ആർടിഎ വെബ്‌സൈറ്റ് മുഖേനയോ, മൊബൈൽ ആപ്പ് വഴിയോ അല്ലെങ്കിൽ ഉമ്മു റമൂൽ, ദേര, അൽ ബർഷ എന്നിവിടങ്ങളിലെ കസ്റ്റമർ ഹാപ്പിനസ് സെന്‍ററുകളിൽ നേരിട്ടോ രജിസ്റ്റർ ചെയ്താണ് ലേലക്കാർ പങ്കെടുത്തത്.
സാധുവായ ഒരു ദുബായ് ട്രാഫിക് ഫയൽ കൈവശം വയ്ക്കുകയും 25,000 ദിർഹത്തിന്‍റെ സുരക്ഷാ ചെക്കും 120 ദിർഹത്തിന്‍റെ റീഫണ്ട് ചെയ്യാത്ത രജിസ്ട്രേഷൻ ഫീസും സമർപ്പിക്കുക എന്നതായിരുന്നു യോഗ്യത നേടുന്നതിനുള്ള മാനദണ്ഡങ്ങൾ.