വാഷിംഗ്ടൺ/ജെറുസലേം: ഇറാന്റെ ആണവായുധ വികസന സാധ്യത തടയുന്നതിനായി സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം ലക്ഷ്യമിട്ട് പ്രത്യേക സൈനിക നീക്കം നടത്താനുള്ള സാധ്യത അമേരിക്കയും ഇസ്രായേലും പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ. ഇറാനിൽ സൂക്ഷിച്ചിരിക്കുന്ന യുറേനിയം പിടിച്ചെടുക്കുകയോ അവിടെ വെച്ച് തന്നെ നശിപ്പിക്കുകയോ ചെയ്യുന്നതാണ് പ്രധാനമായും പരിഗണിക്കുന്ന മാർഗങ്ങൾ
റിപ്പോർട്ടുകൾ പ്രകാരം, വൻതോതിലുള്ള സൈനികാക്രമണത്തിന് പകരം ചെറിയ പ്രത്യേക സൈനിക യൂണിറ്റുകളെ ഉപയോഗിച്ചുള്ള മിന്നലാക്രമണം നടത്തുന്നതാണ് അമേരിക്കയുടെ പ്രധാന പദ്ധതി. ഈ വിഷയത്തിൽ അന്തിമ തീരുമാനം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, പ്രതിരോധ വകുപ്പ്, സിഐഎ എന്നിവർ ചേർന്ന് കൈക്കൊള്ളുമെന്നാണ് സൂചന.
ഇറാന്റെ പക്കൽ ഇപ്പോൾ ഏകദേശം 450 കിലോഗ്രാം 60% സമ്പുഷ്ടീകരിച്ച യുറേനിയം ഉണ്ടെന്നാണ് യുഎസിന്റെയും ഇസ്രായേലിന്റെയും വിലയിരുത്തൽ. ഇത് ഉപയോഗിച്ച് ഏതാനും ആഴ്ചകൾക്കുള്ളിൽ പത്ത് വരെ ആണവ ബോംബുകൾ നിർമ്മിക്കാൻ കഴിയുമെന്ന് ഇന്റലിജൻസ് റിപ്പോർട്ടുകൾ മുന്നറിയിപ്പ് നൽകുന്നു.
ഇതിനിടെ ഇറാനിലെ എണ്ണ കയറ്റുമതിയുടെ പ്രധാന കേന്ദ്രമായ ഖാർഗ് ദ്വീപ് (Kharg Island) പിടിച്ചെടുക്കാനുള്ള സാധ്യതയും അമേരിക്ക ഗൗരവമായി പരിശോധിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇറാന്റെ സാമ്പത്തിക ശേഷിയെ ബാധിക്കാനുള്ള നീക്കമായാണ് ഇതിനെ കാണുന്നത്.
അതേസമയം, ഇറാനിലെ വ്യോമ പ്രതിരോധ സംവിധാനങ്ങളും യുദ്ധവിമാനങ്ങളും ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണം തുടരുന്നതായി റിപ്പോർട്ടുകൾ പറയുന്നു.
English Summary : The United States and Israel are reportedly considering a special military operation to target Iran’s stockpile of enriched uranium in an effort to prevent the country from developing nuclear weapons. Reports suggest that small special operations units may be deployed to either seize the uranium or disable it on site instead of launching a large-scale military invasion.
Intelligence estimates claim Iran currently possesses around 450 kg of uranium enriched to 60%, which could potentially be used to produce several nuclear bombs within weeks.
Meanwhile, the US is also said to be considering measures to disrupt Iran’s oil exports, including the possible seizure of Kharg Island, a key Iranian oil export hub. Israeli airstrikes targeting Iranian military infrastructure are also reported to be continuing amid the ongoing tensions.













































