ദുബായ്: പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കുള്ള യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് വമ്പിച്ച സർവീസുകളുമായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്പ്രസ്സും. മാർച്ച് 12-ന് ഗൾഫ് മേഖലയിലെ വിവിധ നഗരങ്ങളിലേക്കും തിരിച്ചുമായി മൊത്തം 58 ഷെഡ്യൂൾഡ്, നോൺ-ഷെഡ്യൂൾഡ് സർവീസുകളാണ് ഇരു വിമാനക്കമ്പനികളും സംയുക്തമായി നടത്തുന്നത്. യുഎഇ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ തടസ്സമില്ലാതെ ഉറപ്പാക്കുന്നതിലൂടെ പ്രവാസികൾക്ക് വലിയ ആശ്വാസമാണ് എയർ ഇന്ത്യ ഗ്രൂപ്പ് നൽകുന്നത്. ആവശ്യമായ സ്ലോട്ടുകളുടെ ലഭ്യതയ്ക്കും നിയന്ത്രണ ഏജൻസികളുടെ അനുമതിക്കും വിധേയമായാണ് ഈ അധിക സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.
സൗദി അറേബ്യയിലെ പ്രധാന നഗരങ്ങളായ റിയാദിലേക്കും ജിദ്ദയിലേക്കും പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചാണ് നാളത്തെ സർവീസുകൾ. മുംബൈയിൽ നിന്നും കോഴിക്കോട് നിന്നും റിയാദിലേക്ക് ഓരോ നോൺ-ഷെഡ്യൂൾഡ് റൗണ്ട് ട്രിപ്പുകൾ ഉണ്ടായിരിക്കും. ജിദ്ദയിലേക്ക് പത്തും മസ്‌കറ്റിലേക്ക് എട്ടും ഷെഡ്യൂൾഡ് സർവീസുകൾ എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്പ്രസ്സും ചേർന്ന് നടത്തും. ഡൽഹി, മുംബൈ, ബംഗളൂരു എന്നിവിടങ്ങളിൽ നിന്ന് ജിദ്ദയിലേക്കും മസ്‌കറ്റിലേക്കും പ്രത്യേക വിമാനങ്ങൾ ക്രമീകരിച്ചിട്ടുള്ളത് യാത്രക്കാർക്ക് കൂടുതൽ യാത്രാ ഓപ്ഷനുകൾ നൽകുന്നു.
യുഎഇ മേഖലയിലേക്ക് മാത്രമായി 40 നോൺ-ഷെഡ്യൂൾഡ് വിമാനങ്ങളാണ് സർവീസ് നടത്താൻ ഒരുങ്ങുന്നത്. ദുബായ്, അബുദാബി, ഷാർജ, റാസൽഖൈമ തുടങ്ങിയ നഗരങ്ങളെ ഇന്ത്യയിലെ പ്രധാന നഗരങ്ങളുമായി ബന്ധിപ്പിച്ചുകൊണ്ടായിരിക്കും ഈ സർവീസുകൾ. ഷെഡ്യൂൾഡ് സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ച റൂട്ടുകളിൽ ബുക്ക് ചെയ്ത യാത്രക്കാർക്ക് അധിക ചിലവില്ലാതെ യാത്ര പുനഃക്രമീകരിക്കാനോ മുഴുവൻ തുകയും റീഫണ്ടായി വാങ്ങാനോ സൗകര്യമുണ്ടെന്ന് അധികൃതർ അറിയിച്ചു. എയർ ഇന്ത്യ എക്‌സ്പ്രസ്സ് യാത്രക്കാർക്ക് വാട്‌സ്ആപ്പ് വഴി തങ്ങളുടെ ബുക്കിംഗുകളിൽ മാറ്റം വരുത്താനുള്ള ഡിജിറ്റൽ സംവിധാനവും ഒരുക്കിയിട്ടുണ്ട്.
അതേസമയം വടക്കേ അമേരിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ തുടങ്ങിയ മേഖലകളിലേക്കുള്ള എയർ ഇന്ത്യ സർവീസുകൾ പതിവുപോലെ തുടരും. മാർച്ച് 10 മുതൽ 18 വരെയുള്ള കാലയളവിൽ യൂറോപ്പ്, യുഎസ്, ശ്രീലങ്ക, മാലിദ്വീപ് എന്നിവിടങ്ങളിലേക്ക് 78 അധിക സർവീസുകൾ കൂടി നടത്താൻ പദ്ധതിയുണ്ട്. യാത്രക്കാരെ ബാധിക്കുന്ന മാറ്റങ്ങൾ അവരുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറുകൾ വഴി നേരിട്ട് അറിയിക്കുമെന്നും അധികൃതർ വ്യക്തമാക്കി.














































