കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പിനായി കേരള കോൺഗ്രസ് (ജോസഫ് വിഭാഗം) സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. തൊടുപുഴ മണ്ഡലത്തിൽ പാർട്ടി ചെയർമാൻ പി.ജെ. ജോസഫിന്റെ മകൻ അപു ജോൺ ജോസഫിനെ സ്ഥാനാർഥിയാക്കി.
കുട്ടനാട്ടിൽ റെജി ചെറിയാനും കടുത്തുരുത്തിയിൽ അഡ്വ. മോൻസ് ജോസഫും മത്സരിക്കും. ഇരിങ്ങാലക്കുടയിൽ അഡ്വ. തോമസ് ഉണ്ണിയാടനും കാഞ്ഞങ്ങാട് മണ്ഡലത്തിൽ ഷൈജി ഓട്ടപ്പള്ളിയും സ്ഥാനാർഥികളായി പ്രഖ്യാപിക്കപ്പെട്ടു. തൃക്കരിപ്പൂരിന് പകരം കാഞ്ഞങ്ങാട് മണ്ഡലം കേരള കോൺഗ്രസിന് ലഭിച്ചതും ശ്രദ്ധേയമാണ്.
അതേസമയം, ഏറ്റുമാനൂർ, ഇടുക്കി മണ്ഡലങ്ങൾ കോൺഗ്രസിന് വിട്ടുനൽകിയിട്ടുണ്ട്. സീറ്റ് വിഭജനത്തിൽ ഇത് ഒരുതവണ മാത്രം സംഭവിച്ചതാണെന്നും അടുത്ത തിരഞ്ഞെടുപ്പിൽ തിരികെ ലഭിക്കുമെന്ന ഉറപ്പ് പ്രതിപക്ഷ നേതാവ് നൽകിയതായി നേതൃത്വം അറിയിച്ചു.
പി.ജെ. ജോസഫ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് പിന്മാറിയതും ഈ പട്ടികയിലെ പ്രധാന പ്രത്യേകതയാണ്. അദ്ദേഹത്തിന്റെ സ്വന്തം തീരുമാനപ്രകാരമാണ് മത്സരരംഗത്ത് നിന്ന് പിന്മാറിയതെന്ന് പി.സി. തോമസ് വ്യക്തമാക്കി. 11 തവണ തൊടുപുഴയിൽ നിന്ന് മത്സരിച്ച പി.ജെ. ജോസഫ് 2001ൽ മാത്രമാണ് പരാജയപ്പെട്ടത്.
പ്രഖ്യാപിച്ച സ്ഥാനാർഥികൾ:
- തിരുവല്ല – അഡ്വ. വർഗീസ് മാമ്മൻ
- കുട്ടനാട് – റെജി ചെറിയാൻ
- ചങ്ങനാശേരി – വിനു ജോബ്
- കടുത്തുരുത്തി – അഡ്വ. മോൻസ് ജോസഫ്
- തൊടുപുഴ – അപു ജോൺ ജോസഫ്
- കോതമംഗലം – ഷിബു തെക്കുംപുറം
- ഇരിങ്ങാലക്കുട – അഡ്വ. തോമസ് ഉണ്ണിയാടൻ
- കാഞ്ഞങ്ങാട് – ഷൈജി ഓട്ടപ്പള്ളി









































