കുവൈത്ത് സിറ്റി: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാജ അക്കൗണ്ടുകളും വ്യാജ പരസ്യങ്ങളും വഴി പൊതുജനങ്ങളെ വഞ്ചിക്കാൻ ശ്രമങ്ങൾ നടക്കുന്ന സാഹചര്യത്തിൽ ജാഗ്രതാ മുന്നറിയിപ്പുമായി സകാത്ത് ഹൗസ് കുവൈത്ത്. സ്നാപ്‌ചാറ്റിൽ സ്ഥാപനത്തിന് ഔദ്യോഗിക അക്കൗണ്ടില്ലെന്ന് സകാത്ത് ഹൗസ് വ്യക്തമാക്കി.
ഔദ്യോഗിക ചാനലുകൾക്ക് പുറത്തായി പ്രചരിക്കുന്ന ലിങ്കുകളോ കോൺടാക്റ്റ് നമ്പറുകളോ സകാത്ത് ഹൗസുമായി യാതൊരു ബന്ധവും ഇല്ലെന്നും പ്രസ്താവനയിൽ അറിയിച്ചു. ഇത്തരം അക്കൗണ്ടുകളുമായി ഇടപഴകുകയോ സംഭാവന നൽകുകയോ ചെയ്യരുതെന്ന് പൊതുജനങ്ങളോട് അധികൃതർ അഭ്യർത്ഥിച്ചു.
വ്യാജ അക്കൗണ്ടുകളും സംശയാസ്പദമായ പരസ്യങ്ങളും ഉപയോഗിച്ച് തട്ടിപ്പ് നടക്കാൻ സാധ്യതയുള്ളതിനാൽ, സാമൂഹ്യമാധ്യമങ്ങളിൽ ലഭിക്കുന്ന ലിങ്കുകൾ പരിശോധിക്കാതെയോ ഉറപ്പാക്കാതെയോ പങ്കിടുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
പൊതുജനങ്ങൾ കൂടുതൽ ജാഗ്രത പാലിച്ചാൽ മാത്രമേ ഇത്തരം ഓൺലൈൻ തട്ടിപ്പുകൾ ഫലപ്രദമായി തടയാനാകൂ എന്നും സകാത്ത് ഹൗസ് ചൂണ്ടിക്കാട്ടി.








































