അബൂദബി: യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി ഫോൺ സംഭാഷണം നടത്തി. പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷാവസ്ഥയും അതിന്റെ ആഗോള പ്രത്യാഘാതങ്ങളും ഇരുവരും വിശദമായി ചര്‍ച്ച ചെയ്തു.
വാർത്താ ഏജൻസിയായ ‘വാം’ റിപ്പോർട്ട് ചെയ്തതനുസരിച്ച്, പ്രാദേശികവും അന്തർദേശീയവുമായ സമാധാനത്തിനും സുരക്ഷയ്ക്കും നിലവിലെ സാഹചര്യങ്ങൾ ഉണ്ടാക്കുന്ന ആഘാതങ്ങൾ പ്രധാന ചർച്ചാവിഷയമായി. സമുദ്രഗതാഗത സുരക്ഷക്കും ആഗോള സമ്പദ്‌വ്യവസ്ഥയ്ക്കുമുള്ള ഭീഷണികളും നേതാക്കൾ വിലയിരുത്തി.
ഇതിനൊപ്പം, യു.എ.ഇ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ സാധാരണ ജനങ്ങളെയും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ട് നടക്കുന്ന ആക്രമണങ്ങൾ സംബന്ധിച്ച ആശങ്കയും പങ്കുവെച്ചു. ഇത്തരം നീക്കങ്ങൾ അന്താരാഷ്ട്ര നിയമത്തിനും രാജ്യങ്ങളുടെ പരമാധികാരത്തിനും വിരുദ്ധമാണെന്ന് ഇരുവരും ചൂണ്ടിക്കാട്ടി.
അതേസമയം, മേഖലയിലെ സ്ഥിരത ഉറപ്പാക്കാൻ സംയുക്തമായ ശ്രമങ്ങൾ ആവശ്യമാണ് എന്ന നിലപാടും നേതാക്കൾ പങ്കുവെച്ചു. സംഘർഷം കൂടുതൽ രൂക്ഷമാകുന്നത് തടയേണ്ടതിന്റെ ആവശ്യകതയും ചർച്ചയിൽ ഉയർന്നു.
ഇതിനിടെ, വ്യാഴാഴ്ച ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ജോർഡൻ രാജാവായ അബ്ദുല്ല രണ്ടാമനുമായും ഫോൺ സംഭാഷണം നടത്തി. യു.എ.ഇ-ജോർഡൻ ബന്ധവും മേഖലയിലെ പുതിയ സംഭവവികാസങ്ങളും ചർച്ചയായി.
ഇതോടെ, പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യത്തിൽ അന്താരാഷ്ട്ര തലത്തിൽ നയതന്ത്ര ചർച്ചകൾ ശക്തമാകുന്ന സാഹചര്യമാണെന്ന് വിലയിരുത്തപ്പെടുന്നു.








































