ദുബായ്: ദുബായ് വിമാനയാത്രകൾ ഇനി കൂടി വേഗത്തിലും സ്മാർട്ടുമായ അനുഭവമായി മാറാനൊരുങ്ങുന്നു. പൊതുമേഖല–സ്വകാര്യ മേഖല പങ്കാളിത്തത്തോടെ (PPP) നടന്ന മിഡിൽ ഈസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക ഫോറത്തിൽ (PPP MENA Forum 2025) ജിഡിആർഎഫ്എ-ദുബായ് അവതരിപ്പിച്ച ‘സീംലെസ് ട്രാവൽ’ പദ്ധതി യാത്രക്കാരുടെ സുരക്ഷ, സൗകര്യം, വേഗത എന്നീ മേഖലകളിൽ വിപ്ലവകരമായ മാറ്റം വരുത്തുമെന്ന് അധികൃതർ വ്യക്തമാക്കി.ജുമൈറ എമിറേറ്റ്സ് ടവേഴ്സിൽ നടന്ന ഫോറത്തിൽ 40-ലധികം സർക്കാർ-സ്വകാര്യ മേഖലയിലെ പ്രതിനിധികളും 80-ൽപ്പരം അന്താരാഷ്ട്ര വിദഗ്ധരും പങ്കെടുത്തു. ദുബായ് എയർപോർട്ട്സിലെ ഫ്യൂച്ചർ ബോർഡേഴ്സ് ഡയറക്ടർ നൂറാ സാലം അൽ മസ്റൂയി പദ്ധതിയുടെ വിശദാംശങ്ങൾ അവതരിപ്പിച്ചു. ബയോമെട്രിക് സാങ്കേതികവിദ്യകളും സ്മാർട്ട് സിസ്റ്റങ്ങളും അടിസ്ഥാനമാക്കിയുള്ള ഈ പദ്ധതി യാത്രക്കാരിൽ വിശ്വാസവും സൗകര്യവും വർധിപ്പിക്കുന്നതായി അവർ വ്യക്തമാക്കി. യുഎഇയുടെ ‘ഗ്ലോബൽ ലീഡർഷിപ്പ്’ ദർശനവുമായി പദ്ധതിയുടെ ലക്ഷ്യങ്ങൾ ഒത്തുപോകുന്നതായും അവർ പറഞ്ഞു.

വിമാനത്താവള കാര്യങ്ങളുടെ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ താലാൽ അഹ്മദ് അൽ ഷങ്കിതി പ്രസ്താവനയിൽ പറഞ്ഞു, “സീംലെസ് ട്രാവൽ” പദ്ധതി ദുബായുടെ യാത്രാ അനുഭവം ആഗോള നിലവാരത്തിലേക്ക് ഉയർത്തുന്ന മുന്നേറ്റമാണെന്നും ഭാവിയിൽ കൂടുതൽ ഉപയോക്തൃ സൗഹൃദ സേവനങ്ങൾ നടപ്പിലാക്കാനുള്ള പ്രതിബദ്ധതയാണെന്നും. ജിഡിആർഎഫ്എ യാത്രക്കാരുടെ ഭാവി ആവശ്യങ്ങൾ കണക്കിലെടുത്ത് സേവനങ്ങൾ വികസിപ്പിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പദ്ധതി യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുന്നതോടൊപ്പം ആഭ്യന്തരവും അന്താരാഷ്ട്രവുമായ സ്ഥാപനങ്ങളുമായുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്താൻ വഴിയൊരുക്കുന്നുവെന്നും ജിഡിആർഎഫ്എ വ്യക്തമാക്കി. “സ്മാർട്ട് ഗവൺമെന്റ് സർവീസുകൾ” മുന്നോട്ടുകൊണ്ടുപോകുന്നതിലും ദുബായ് ‘ഗ്ലോബൽ സ്മാർട്ട് ട്രാവൽ ആൻഡ് ഇൻവെഷൻ’ തലസ്ഥാനമായി നിലനിർത്തുന്നതിലും പദ്ധതിക്ക് നിർണായക പങ്കുണ്ട്.