വാഷിങ്ടൺ: ലോകത്തെ ആശങ്കയിലാക്കിയ യു.എസ്-ഇറാൻ സംഘർഷത്തിൽ നിർണായക വഴിത്തിരിവായി രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചു. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്.
ഇറാനെതിരെ ശക്തമായ മുന്നറിയിപ്പുകൾ നൽകിയതിനു പിന്നാലെ വന്ന ഈ പ്രഖ്യാപനം അന്താരാഷ്ട്ര തലത്തിൽ ആശ്വാസമായി. ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം താൽക്കാലികമായി ശമിക്കുമെന്ന പ്രതീക്ഷ ഉയർന്നിരിക്കുകയാണ്.
വെടിനിർത്തൽ കാലയളവിൽ സമാധാന ചർച്ചകൾ പാക്കിസ്ഥാന്റെ തലസ്ഥാനമായ ഇസ്‌ലാമാബാദിൽ വെള്ളിയാഴ്ച നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള നിലപാടുകൾ ചർച്ചചെയ്ത് സമാധാനപരമായ പരിഹാരം കണ്ടെത്തുകയാണ് ലക്ഷ്യം.
ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വെടിനിർത്തൽ അംഗീകരിക്കുന്നതായി അറിയിച്ചു. ഇറാനെതിരായ ആക്രമണങ്ങൾ നിർത്തിയാൽ പ്രതിരോധ നടപടികൾ അവസാനിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടാതെ, രണ്ടാഴ്ചത്തേക്ക് ഹോർമുസ് കടലിടുക്ക് തുറക്കുമെന്നും കടൽ ഗതാഗതം സുഗമമാക്കുമെന്നും അരാഗ്ചി വ്യക്തമാക്കി. ആഗോള വ്യാപാരത്തിനും എണ്ണ ഗതാഗതത്തിനും നിർണായകമായ ഹോർമുസ് കടലിടുക്ക് തുറക്കുന്നതിലൂടെ അന്താരാഷ്ട്ര വിപണികൾക്ക് ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.





































