ദുബൈ: അന്തർദേശീയ ക്രിമിനൽ ശൃംഖലകൾക്കെതിരായ ശക്തമായ നടപടിയുടെ ഭാഗമായി സ്കോട്ടിഷ് ക്രിമിനൽ സംഘത്തിലെ പ്രധാനിയെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു. യു.എ.ഇ ആഭ്യന്തര മന്ത്രാലയവുമായി ചേർന്നാണ് നടപടി. കുപ്രസിദ്ധ ‘ലിയോൺസി’ സംഘത്തിലെ അംഗമാണ് പിടിയിലായത്.
ഇൻറർപോൾ റെഡ് നോട്ടീസിന്റെ അടിസ്ഥാനത്തിൽ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് അറസ്റ്റ് നടന്നത്. ആഗോള തലത്തിൽ കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെയുള്ള സംഘടിത കുറ്റകൃത്യങ്ങൾക്കെതിരെ നടത്തിയ സംയുക്ത നീക്കത്തിന്റെ ഭാഗമായാണ് ഈ നടപടി.
‘ഓപറേഷൻ അർമോറം’ എന്ന അന്താരാഷ്ട്ര ഓപ്പറേഷനുമായി ബന്ധപ്പെട്ടാണ് ഇൻറർപോൾ പ്രതിക്കെതിരെ റെഡ് നോട്ടീസ് പുറപ്പെടുവിച്ചത്. സ്പെയിൻ നേതൃത്വത്തിലുള്ള ഈ അന്വേഷണത്തിൽ വിവിധ രാജ്യങ്ങളിലായി 14 പേരെ ഇതിനകം പിടികൂടിയിട്ടുണ്ട്.
യൂറോപോൾ, യു.കെയിലെ നാഷണൽ ക്രൈം ഏജൻസി, യു.എസിലെ ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് അഡ്മിനിസ്ട്രേഷൻ എന്നിവ ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര ഏജൻസികൾ സംയുക്തമായി പ്രവർത്തിച്ചു. ഈ നീക്കത്തിലൂടെ കുറ്റകൃത്യ ശൃംഖലയുടെ ഘടന തകർക്കാനും അനധികൃത സമ്പാദ്യങ്ങൾ കണ്ടെത്താനും സാധിച്ചതായി അധികൃതർ അറിയിച്ചു.
അന്വേഷണത്തിൽ യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ഏഷ്യ എന്നിവിടങ്ങളിലായി മയക്കുമരുന്ന് കടത്തും കള്ളപ്പണം വെളുപ്പിക്കലും സംഘം നടത്തിയിരുന്നുവെന്ന് കണ്ടെത്തി. ഷെൽ കമ്പനികളും സങ്കീർണ സാമ്പത്തിക ഇടപാടുകളും ഉപയോഗിച്ചായിരുന്നു അനധികൃത വരുമാനം മറച്ചുവച്ചിരുന്നത്.






































