മലപ്പുറം: അധികാര പങ്കാളിത്തവുമായി ബന്ധപ്പെട്ട കാര്യങ്ങൾ യു.ഡി.എഫിൽ സൗഹൃദപരമായ ചർച്ചകളിലൂടെ തന്നെ തീരുമാനിക്കുമെന്നും മന്ത്രിസ്ഥാനത്തിനായി ഒരു തരത്തിലുള്ള വിലപേശലും മുസ്ലിം ലീഗ് നടത്തില്ലെന്നും ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
യു.ഡി.എഫ് അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കേണ്ടത് കോൺഗ്രസിന്റെ അധികാരപരിധിയിലുള്ള കാര്യമാണ്. ആ വിഷയത്തിൽ ലീഗ് ഇടപെടില്ലെന്നും അനാവശ്യ തർക്കങ്ങൾക്കും ചർച്ചകൾക്കും പ്രസക്തി നൽകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ മണ്ഡലങ്ങളിലും മികച്ച വിജയപ്രതീക്ഷയുണ്ടെന്നും വലിയ ഭൂരിപക്ഷത്തോടെ യു.ഡി.എഫ് അധികാരത്തിൽ വരുമെന്ന ആത്മവിശ്വാസവും കുഞ്ഞാലിക്കുട്ടി പ്രകടിപ്പിച്ചു.
സി.പി.എം മുസ്ലിം ലീഗിനെതിരെ സ്ഥിരമായി ആക്രമണം നടത്താൻ ശ്രമിക്കുന്നതായി ആരോപിച്ച അദ്ദേഹം, ‘കാഫിർ’ പരാമർശം അതിന്റെ ഉദാഹരണമാണെന്നും പറഞ്ഞു. ഇത്തരം വർഗീയ ധ്രുവീകരണ ശ്രമങ്ങൾ ആവർത്തിക്കുന്നത് അവർക്കുതന്നെ തിരിച്ചടിയാകുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.






































