മലപ്പുറം വേങ്ങര സ്വദേശി സിദ്ദീഖിന്റെ രണ്ട് മക്കളും മൂന്ന് വയസ്സുള്ള പേരക്കുട്ടിയുമാണ് ഫുജൈറ കോടതിക്ക് മുന്നിലുണ്ടായ അപകടത്തിൽ മരിച്ചത്.
ഫുജൈറ, യു.എ.ഇ — യു.എ.ഇയിലെ ഫുജൈറയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു. ഫുജൈറയിൽ ഇവാ കഫ്റ്റീരിയ നടത്തുന്ന വേങ്ങര കുന്നുംപുറം കുണ്ടിൽപ്പാറ സ്വദേശി സിദ്ദീഖിന്റെ മക്കളായ മുഹമ്മദ് അസ്മിൽ (21), മിസ്ന ജുബിൻ (21), പേരക്കുട്ടി മുഹമ്മദ് ഫായിസ് (മൂന്ന്) എന്നിവരാണ് മരിച്ചത്.
ഫുജൈറ കോടതിക്ക് മുന്നിൽ വെച്ച് ഇവർ സഞ്ചരിച്ചിരുന്ന കാർ ട്രക്കിന് പിന്നിലിടിച്ചാണ് അപകടമുണ്ടായത്. കുടുംബത്തിലെ ഏഴ് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവരിൽ പലരും യു.എ.ഇ സന്ദർശനത്തിനായി എത്തിയതായിരുന്നു. മലപ്പുറം എ.ആർ. നഗർ സഹകരണ ബാങ്ക് മുൻ പ്രസിഡന്റും മുസ്ലിം ലീഗ് നേതാവുമായ ടി.കെ. മൊയ്തീൻകുട്ടി മാഷിന്റെ മകനാണ് സിദ്ദീഖ്. അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ഫുജൈറയിലെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
അതേസമയം, ബുധനാഴ്ച അർധരാത്രി ഫുജൈറയിലേക്കുള്ള പ്രവേശന കവാടത്തിന് സമീപം ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലുണ്ടായ മറ്റൊരു വാഹനാപകടത്തിലും നിരവധി പേർ മരിച്ചു. നിയന്ത്രണം വിട്ട ലോറി നിരവധി വാഹനങ്ങളിൽ ഇടിച്ചുകയറുകയായിരുന്നു. വിവരമറിഞ്ഞ ഉടൻ പൊലീസും ആംബുലൻസ് സംഘങ്ങളും സിവിൽ ഡിഫൻസ് വിഭാഗവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
പരിക്കേറ്റവർക്ക് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം തുടർചികിത്സയ്ക്കായി വിവിധ ആശുപത്രികളിലേക്ക് മാറ്റി. അപകടത്തിൽ അന്വേഷണം ആരംഭിച്ചതായി ഫുജൈറ പൊലീസ് സ്ഥിരീകരിച്ചു. മരിച്ചവരുടെയും പരിക്കേറ്റവരുടെയും കൃത്യമായ എണ്ണമോ മറ്റു വിവരങ്ങളോ അധികൃതർ പുറത്തുവിട്ടിട്ടില്ല. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി അറിയിച്ച പൊലീസ്, വാഹനയാത്രക്കാർ ജാഗ്രത പാലിക്കണമെന്നും വേഗപരിധിയും സുരക്ഷിത അകലവും കർശനമായി പാലിക്കണമെന്നും നിർദേശിച്ചു.










