കോഴിക്കോട്: പേരാമ്പ്ര നിയോജക മണ്ഡലത്തിൽ ഇത്തവണ യു.ഡി.എഫ് വിജയം ഉറപ്പാണെന്ന് സ്ഥാനാർത്ഥി ഫാത്തിമ തഹ്‍ലിയ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇടത് വോട്ടുകൾ ഉൾപ്പെടെ വ്യാപക പിന്തുണ ലഭിച്ചതായും കക്ഷിരാഷ്ട്രീയത്തിനും മതത്തിനും അതീതമായ പിന്തുണയാണ് തനിക്ക് ലഭിച്ചതെന്നും അവർ പറഞ്ഞു.
പ്രചാരണകാലത്ത് ഉണ്ടായ വിവാദങ്ങൾ ഒന്നും തന്നെ ബാധിച്ചിട്ടില്ലെന്നും, മണ്ഡലത്തിൽ അടിത്തട്ടിലേക്ക് ഇറങ്ങി പ്രവർത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ഫാത്തിമ വ്യക്തമാക്കി. “പേരാമ്പ്രയിൽ മാറ്റം വേണമെന്നത് നാട്ടുകാരുടെ ആഗ്രഹമാണ്. വോട്ടർമാരുടെ ആത്മവിശ്വാസം എനിക്ക് വ്യക്തമായി ലഭിച്ചിട്ടുണ്ട്. ഫലം വരുമ്പോൾ അത് തെളിയും,” എന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം, എൽ.ഡി.എഫ് സ്ഥാനാർത്ഥി ടി.പി. രാമകൃഷ്ണൻ ജനവിധി എന്തായാലും അംഗീകരിക്കുമെന്ന് പ്രതികരിച്ചു. “എന്നെ തോൽപ്പിക്കാനാണ് ജനം തീരുമാനമെടുത്താൽ അതും ഞാൻ അംഗീകരിക്കും. എന്നാൽ ഞാൻ ജയിക്കും എന്ന ആത്മവിശ്വാസമുണ്ട്. ഭൂരിപക്ഷം ഇപ്പോൾ പറയാൻ കഴിയില്ല,” എന്നും അദ്ദേഹം പറഞ്ഞു.
സോഷ്യൽ മീഡിയയിലുണ്ടായ വിമർശനങ്ങളും ആരോപണങ്ങളും തനിക്കു ബാധിച്ചിട്ടില്ലെന്നും, നീണ്ട രാഷ്ട്രീയ പ്രവർത്തന ജീവിതത്തിൽ തനിക്ക് ലഭിച്ച വിശ്വാസം ജനങ്ങൾ തള്ളിക്കളയില്ലെന്നും ടി.പി. രാമകൃഷ്ണൻ വ്യക്തമാക്കി.
സ്ത്രീ വോട്ടർമാരുടെ പിന്തുണയെക്കുറിച്ച് പ്രതികരിച്ച അദ്ദേഹം, അത് യു.ഡി.എഫിന്റെ വാഗ്ദാനങ്ങൾ കൊണ്ടല്ലെന്നും സർക്കാർ സ്വീകരിച്ച സ്ത്രീപക്ഷ നയങ്ങളാണ് അതിന് പിന്നിലെന്നും പറഞ്ഞു. വനിത വികസന കോർപ്പറേഷൻ ഉൾപ്പെടെയുള്ള പദ്ധതികൾ വഴി സ്ത്രീകൾക്ക് നൽകിയ സഹായങ്ങൾ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പോളിംഗ് ശതമാനം വർധിച്ചതിനെ ഭരണവിരുദ്ധ വികാരവുമായി ബന്ധിപ്പിക്കാൻ കഴിയില്ലെന്നും, അത് ഒരു പഴയ രാഷ്ട്രീയ വിലയിരുത്തലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇതിനിടെ, വോട്ട് ചെയ്യാൻ കഴിയാതെ പോയ ഉദ്യോഗസ്ഥരുടെ വിഷയത്തിൽ എല്ലാ വോട്ടർമാർക്കും അവസരം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും, തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതിൽ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ടി.പി. രാമകൃഷ്ണൻ ആവശ്യപ്പെട്ടു.







































