ന്യൂഡൽഹി: വനിതാ സംവരണ ബിൽ ലോക്സഭയിൽ പരാജയപ്പെട്ടതിന് പിന്നാലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വസതിയിലേക്ക് ബിജെപി മഹിളാ മോർച്ച പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി.
ബിജെപി എംപിമാരായ ഹേമ മാലിനി, ബാൻസുരി സ്വരാജ്, ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത, വീരേന്ദ്ര സച്ച്ദേവ, മനോജ് തിവാരി എന്നിവരടക്കം ഒട്ടേറെപ്പേർ മാർച്ചിൽ പങ്കെടുത്തു. രാഹുലും കൂട്ടരും സ്ത്രീകളെ ചതിച്ചു, സ്ത്രീകളുടെ അവകാശങ്ങൾ ഇല്ലാതാക്കി തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു പ്രതിഷേധം. രാഹുൽ ഗാന്ധിയെയും പ്രതിപക്ഷ നേതാക്കളെയും വിമർശിക്കുന്ന പോസ്റ്ററുകളും പ്രവർത്തകർ ഉയർത്തി.
മാർച്ച് പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. തുടർന്ന് പ്രതിഷേധക്കാരെ പിരിച്ചുവിടാൻ ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. സംഘർഷാവസ്ഥക്കിടെ പ്രവർത്തകർ രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കുകയും ചെയ്തു.
തുടർന്ന് കേന്ദ്ര സഹമന്ത്രി രക്ഷ ഖഡ്സെ, ബാൻസുരി സ്വരാജ്, കമൽജീത് സെഹ്രാവത് തുടങ്ങിയവരടക്കമുള്ള പ്രമുഖ നേതാക്കളെ ഡൽഹി പൊലീസ് അറസ്റ്റു ചെയ്തു നീക്കി.
അതേസമയം, പ്രതിഷേധ സമയത്ത് രാഹുൽ ഗാന്ധി വസതിയിൽ ഇല്ലായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തമിഴ്നാട്ടിലാണ് അദ്ദേഹം ഉണ്ടായിരുന്നത്.















































