ബംഗാളിലും തമിഴ്നാട്ടിലും ഉൾപ്പെടെ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് ശേഷം രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ വലിയ വർധനവ് ഉണ്ടാകാനിടയുണ്ടെന്ന് വിലയിരുത്തൽ. പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ കൊട്ടക് ഇൻസ്റ്റിറ്റ്യൂഷനൽ ഇക്വിറ്റീസ് ആണ് ഇക്കാര്യം റിപ്പോർട്ടിൽ വ്യക്തമാക്കിയത്.
ലിറ്ററിന് 25 മുതൽ 28 രൂപവരെ വില കൂട്ടേണ്ട സാഹചര്യമുണ്ടെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. ക്രൂഡ് ഓയിൽ വില ഉയർന്ന സാഹചര്യത്തിൽ പൊതുമേഖലാ എണ്ണവിതരണ കമ്പനികൾക്ക് വലിയ സാമ്പത്തികഭാരം നേരിടേണ്ടി വരുന്നതാണ് ഇതിന് പ്രധാന കാരണം.
കണക്കുകൾ പ്രകാരം, എണ്ണക്കമ്പനികൾക്ക് പ്രതിമാസം ഏകദേശം 27,000 കോടി രൂപയുടെ അധികബാധ്യത ഉണ്ടാകുന്നുണ്ട്. ക്രൂഡ് ഓയിൽ വില ബാരലിന് 120 ഡോളറിന് അടുത്തേക്ക് ഉയർന്നപ്പോൾ, പെട്രോളിന് ലിറ്ററിന് 24 രൂപയും ഡീസലിന് 60 രൂപയും വരെ നഷ്ടം നേരിട്ടതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.
ക്രൂഡ് വില ഉയരുന്ന സാഹചര്യത്തിൽ രാജ്യത്ത് പെട്രോൾ, ഡീസൽ വില ഇങ്ങനെ മാറ്റമില്ലാതെ നിർത്തി മുന്നോട്ടുപോവുക എണ്ണവിതരണ കമ്പനികൾക്ക് പ്രയാസമാണെന്ന് റിപ്പോർട്ട് പറയുന്നു. തിരഞ്ഞെടുപ്പ് കാലമായതിനാൽ കേന്ദ്രസർക്കാരിന്റെ സമ്മർദമുള്ളതിനാലാണ് നിലവിൽ വില പരിഷ്കാരിക്കാത്തത്. തിരഞ്ഞെടുപ്പിന് ശേഷം വില കൂട്ടിയേക്കാം.
ഇന്ധനവില നിയന്ത്രിക്കാൻ കേന്ദ്രം മുമ്പ് പെട്രോളിന്റെ എക്സൈസ് തീരുവ ലിറ്ററിന് 10 രൂപ കുറയ്ക്കുകയും, ഡീസലിന്റെ നികുതി ഒഴിവാക്കുകയും ചെയ്തിരുന്നു. രാജ്യത്ത് വില പിടിച്ചുനിർത്താനും ലഭ്യത ഉറപ്പുവരുത്താനുമായി കയറ്റുമതി തീരുവയും വർധിപ്പിച്ചു. ഈ നടപടികൾ പര്യാപ്തമല്ലെന്നാണ് നിലവിലെ സാഹചര്യം വ്യക്തമാക്കുന്നത്.
വില കൂടിയതിനാൽ ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതി മാർച്ചിൽ 17.1% കുറഞ്ഞിട്ടുണ്ട്. പെട്രോളിയം മന്ത്രാലയത്തിന് കീഴിലെ പെട്രോളിയം പ്ലാനിങ് ആൻഡ് അനാലിസിസ് സെല്ലിന്റെ (പിപിഎസി) കണക്കുപ്രകാരം 22.8 മില്യൻ ടണ്ണിൽ നിന്ന് 18.9 മില്യൻ ടണ്ണിലേക്കാണ് വാർഷികാടിസ്ഥാനത്തിൽ ഇറക്കുമതി കുറഞ്ഞത്. കഴിഞ്ഞ 5 വർഷത്തിനിടയിലെ ഏറ്റവും താഴ്ചയാണിത്.
കൊട്ടക്കിന്റെ വിലയിരുത്തൽ പ്രകാരം ഡീസൽ വില ലിറ്റിന് 13.1 രൂപ മുതൽ 24.9 രൂപവരെ കൂടേണ്ട സാഹചര്യമാണുള്ളത്. ക്രൂഡ് വില ബാരലിന് 100-120 ഡോളർ കണക്കാക്കുമ്പോഴാണിത്. പെട്രോളിന് 10.6 മുതൽ 22.3 രൂപവരെയും കൂടണം. നിലവിൽ കേരളത്തിൽ വില പെട്രോളിന് 107.48 രൂപയും ഡീസലിന് 96.48 രൂപയുമാണ്.










































