കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഇന്ന് ഗണ്യമായി ഇടിഞ്ഞു. രാവിലെ 280 രൂപയും ഉച്ചയ്ക്ക് 1,440 രൂപയും കുറഞ്ഞതോടെ ഒരു ദിവസത്തിനുള്ളിൽ രണ്ടുതവണയായി പവന് മൊത്തം 1,720 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്റെ വില 1,10,280 രൂപയായി. ഗ്രാമിന് 13,785 രൂപയുമാണ് നിലവിലെ വില.
രാവിലെ ഗ്രാമിന് 35 രൂപ കുറഞ്ഞതിനു പിന്നാലെ ഉച്ചയോടെ വീണ്ടും 180 രൂപ കുറഞ്ഞതോടെ സ്വർണവിലയിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്.
ഇന്നലെ വിലയിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായിരുന്നത്. രാവിലെ ഗ്രാമിന് 20 രൂപ കുറഞ്ഞ് 13,810 രൂപയിലും പവന് 160 രൂപ കുറഞ്ഞ് 1,10,480 രൂപയിലുമായിരുന്നു. എന്നാൽ വൈകീട്ടോടെ ഗ്രാമിന് 60 രൂപ ഉയർന്ന് 14,000 രൂപയും പവന് 480 രൂപ ഉയർന്ന് 1,12,000 രൂപയുമായി.
ആഗോള വിപണിയിലും സ്വർണവില താഴോട്ടാണ് നീങ്ങുന്നത്. ട്രോയ് ഔൺസിന് 51.09 ഡോളർ കുറഞ്ഞ് 4,565.84 ഡോളറിലേക്കാണ് വില താഴ്ന്നത്. ഏകദേശം 1.11 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. അമേരിക്ക-ഇറാൻ സംഘർഷവുമായി ബന്ധപ്പെട്ട അനിശ്ചിതത്വവും ഇന്ധനവിലയിലെ വ്യതിയാനങ്ങളും ആഗോള വിപണിയെ സ്വാധീനിക്കുന്ന ഘടകങ്ങളായി തുടരുന്നു.
കഴിഞ്ഞ രണ്ടു മാസങ്ങളിലെ വിലനിലവാരങ്ങൾ പരിശോധിക്കുമ്പോൾ സ്വർണവിലയിൽ വലിയ ചാഞ്ചാട്ടങ്ങളാണ് ഉണ്ടായത്. മാർച്ചിൽ മാസത്തിലെ ഉയർന്ന വില 1,26,920 രൂപയായി രേഖപ്പെടുത്തിയപ്പോൾ, ഏറ്റവും കുറഞ്ഞ വില 99,480 രൂപയായിരുന്നു. ഏപ്രിലിലും വിലയിൽ ദിനംപ്രതി ഉയർച്ചയും ഇടിവും രേഖപ്പെടുത്തിയിരുന്നു.
വിപണിയിലെ ഈ അസ്ഥിരത നിക്ഷേപകരെയും സാധാരണ ഉപഭോക്താക്കളെയും ഒരുപോലെ ബാധിക്കുന്നതായി സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വിവാഹസീസണിനോടനുബന്ധിച്ച് സ്വർണം വാങ്ങാൻ തയ്യാറെടുക്കുന്നവർക്ക് ഇപ്പോഴത്തെ ഇടിവ് ആശ്വാസകരമായ സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണ്. എന്നാൽ ആഗോള സാമ്പത്തിക സാഹചര്യങ്ങൾ അനുസരിച്ച് വരും ദിവസങ്ങളിലും വിലയിൽ മാറ്റങ്ങൾ തുടരാനിടയുണ്ടെന്നാണ് വിലയിരുത്തൽ.







































