ന്യൂഡൽഹി: പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ ബി.ജെ.പിയുടെ മുന്നേറ്റത്തെ കുറിച്ച് പ്രതികരിച്ച് കോൺഗ്രസ്. നിലവിൽ പുറത്തുവരുന്നത് പ്രാഥമിക ട്രെൻഡുകൾ മാത്രമാണെന്നും ഇതിനെ അന്തിമ ഫലമായി കാണേണ്ടതില്ലെന്നും കോൺഗ്രസ് വക്താവ് പവൻ ഖേര വ്യക്തമാക്കി.
ബി.ജെ.പി വലിയ വിജയത്തിലേക്ക് നീങ്ങുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്ന സാഹചര്യത്തിലാണ് കോൺഗ്രസ് പ്രതികരണം. “ഇപ്പോൾ കാണുന്നത് ട്രെൻഡുകൾ മാത്രമാണ്. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ചിത്രത്തിൽ മാറ്റങ്ങൾ ഉണ്ടാകാം,” എന്ന് പവൻ ഖേര മാധ്യമങ്ങളോട് പറഞ്ഞു.
ഇപ്പോഴുള്ള കണക്കുകൾ പോസ്റ്റൽ വോട്ടുകളും ആദ്യഘട്ട വോട്ടുകളും അടിസ്ഥാനമാക്കിയുള്ളതാണെന്നും, തുടർ റൗണ്ടുകളിൽ തൃണമൂൽ കോൺഗ്രസും കോൺഗ്രസ് സഖ്യവും നില മെച്ചപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് പാർട്ടി. ബി.ജെ.പി അതിവേഗം വിജയാഘോഷത്തിലേക്ക് കടക്കേണ്ടതില്ലെന്നും ജനവിധി മുഴുവനായി പുറത്തുവരാൻ സമയം വേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ആദ്യ മണിക്കൂറുകളിലെ ഫലസൂചനകൾ പ്രകാരം ബി.ജെ.പി പല മണ്ഡലങ്ങളിലും മുന്നേറ്റം കാഴ്ചവെക്കുകയാണ്. തൃണമൂൽ കോൺഗ്രസിനെ മറികടന്ന് ലീഡ് നേടുന്ന പ്രവണത ചില മേഖലകളിൽ പ്രകടമാണ്.
എന്നാൽ, അന്തിമ ഫലങ്ങൾ പുറത്തുവരുന്നതിന് മുൻപ് തോൽവി സമ്മതിക്കാൻ കോൺഗ്രസും തൃണമൂൽ കോൺഗ്രസും തയ്യാറല്ല. പശ്ചിമ ബംഗാളിൽ ഭരണമാറ്റമുണ്ടാകുമോ, അതോ നിലവിലെ മുഖ്യമന്ത്രി മമതാ ബാനർജി അധികാരം നിലനിർത്തുമോ എന്നത് അറിയാൻ രാജ്യം കാത്തിരിക്കുകയാണ്.









































