നിയമം പാലിക്കാത്ത ഉടമകളിൽ നിന്ന് വൻതുക ഈടാക്കാൻ ഒരുങ്ങി മുനിസിപ്പാലിറ്റി; വളർത്തുപൂച്ചകൾക്കും നായ്ക്കൾക്കും മൈക്രോചിപ്പിംഗ് നിർബന്ധം.
അബുദാബി : അബുദാബിയിൽ വളർത്തുമൃഗങ്ങളുടെ നിർബന്ധിത രജിസ്ട്രേഷനായി അനുവദിച്ചിരുന്ന സാവകാശം (ഗ്രേസ് പീരിയഡ്) അവസാനിച്ചു. ലൈസൻസില്ലാതെയും രജിസ്റ്റർ ചെയ്യാതെയും വളർത്തുന്ന പൂച്ചകൾക്കും നായകൾക്കും ഉടമകൾ ഇനി മുതൽ ഒന്നിന് 1000 ദിർഹം വീതം പിഴയടക്കേണ്ടി വരും.
വളർത്തുമൃഗങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും തെരുവിൽ ഉപേക്ഷിക്കുന്നത് തടയുന്നതിനുമായി ഡിപ്പാർട്ട്‌മെന്റ് ഓഫ് മുൻസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട്ട് (DMT) നടപ്പിലാക്കിയ നിയമത്തിന്റെ ഭാഗമായാണ് നടപടി.
നിയമപ്രകാരം അബുദാബിയിലുള്ള എല്ലാ പൂച്ചകൾക്കും നായകൾക്കും മൈക്രോചിപ്പ് ഘടിപ്പിക്കലും പേവിഷബാധയ്‌ക്കെതിരെയുള്ള വാക്‌സിനേഷനും നിർബന്ധമാണ്. അംഗീകൃത വെറ്ററിനറി ഡോക്ടറുടെ പരിശോധനയ്ക്ക് ശേഷമേ രജിസ്ട്രേഷൻ പൂർത്തിയാക്കാൻ സാധിക്കൂ.
അബുദാബി സർക്കാരിന്റെ ഡിജിറ്റൽ സേവന പ്ലാറ്റ്‌ഫോമായ ‘താം’ (TAMM) വഴി യുഎഇ പാസ് (UAE Pass) ഉപയോഗിച്ചാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
ആവശ്യമായ രേഖകൾ:
- എമിറേറ്റ്സ് ഐഡിയും യുഎഇ പാസും (Emirates ID & UAE Pass)
- വളർത്തുമൃഗങ്ങളുടെ കൃത്യമായ വാക്‌സിനേഷൻ രേഖകൾ
- ലൈസൻസുള്ള വെറ്ററിനറി ഡോക്ടർ സാക്ഷ്യപ്പെടുത്തിയ മൈക്രോചിപ്പ്, ഹെൽത്ത് റെക്കോർഡുകൾ
- താം (TAMM) പ്ലാറ്റ്‌ഫോം വഴിയുള്ള അപേക്ഷ
മൈക്രോചിപ്പിലെ വിവരങ്ങൾ ഉടമയുടെ ഔദ്യോഗിക രേഖകളുമായി ബന്ധിപ്പിക്കുന്നതിനാൽ മൃഗങ്ങളെ കാണാതായാൽ എളുപ്പത്തിൽ കണ്ടെത്താനും ഉപേക്ഷിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കാനും സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.










