അബൂദബി: ഇറാൻ നടത്തിയ ആക്രമണശ്രമത്തിനിടെ അബൂദബിയിലെ ഹബ്ഷാൻ ഗ്യാസ് സൗകര്യത്തിൽ ദാരുണ സംഭവം. വ്യോമപ്രതിരോധ സംവിധാനങ്ങൾ ആക്രമണം തടഞ്ഞതിനെ തുടർന്ന് വീണ അവശിഷ്ടങ്ങൾ കാരണം ഒരാൾ മരിച്ചു.
അപകടത്തിനിടെ ഒഴിപ്പിക്കൽ നടപടികൾ നടക്കുന്നതിനിടെയാണ് ഈജിപ്ഷ്യൻ പൗരൻ മരണപ്പെട്ടതെന്ന് അധികൃതർ അറിയിച്ചു. കൂടാതെ, നാല് പേർക്ക് ചെറുതായി പരിക്കേറ്റിട്ടുണ്ട്. ഇവരിൽ രണ്ട് പേർ പാകിസ്താനികളും രണ്ട് പേർ ഈജിപ്ഷ്യൻ പൗരന്മാരുമാണ്.
ഇതിനൊപ്പം, വ്യോമ പ്രതിരോധ സംവിധാനങ്ങൾ വിജയകരമായി ആക്രമണം തടഞ്ഞതിനെ തുടർന്ന് വീണ ചീളുകൾ രണ്ട് സ്ഥലങ്ങളിൽ തീപിടിത്തത്തിന് കാരണമായി. സംഭവത്തെത്തുടർന്ന് അടിയന്തര രക്ഷാപ്രവർത്തന സംഘം ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.
അതേസമയം, സംഭവത്തിൽ ചില നാശനഷ്ടങ്ങൾ സംഭവിച്ചതായും അതിന്റെ കൃത്യമായ വിലയിരുത്തൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.
പൊതുജനങ്ങൾ ഔദ്യോഗിക ഉറവിടങ്ങളിൽ നിന്നുള്ള വിവരങ്ങൾ മാത്രമേ വിശ്വസിക്കാവൂ എന്നും, അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ഇതോടെ, മേഖലയിലെ സുരക്ഷാ സാഹചര്യം കൂടുതൽ കടുപ്പിക്കുന്ന തരത്തിലാണ് പുതിയ സംഭവവികാസങ്ങൾ മുന്നേറുന്നത്.






































